quarantine

കോട്ടയം: ജില്ലയിൽ രോഗലക്ഷണങ്ങൾ ഇല്ലാത്ത കൊവിഡ് ബാധിതർക്ക് വീടുകളിൽ ഐസൊലേഷനിൽ കഴിയാൻ അനുമതി നൽകുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ആരോഗ്യ വകുപ്പ് നിഷ്‌കർഷിക്കുന്ന സൗകര്യങ്ങൾ ഉള്ളവർക്കാണിത്.

നേരത്തെ ജില്ലയിൽ നൂറോളം രോഗികൾക്ക് വീടുകളിൽ കഴിയുന്നതിന് അനുമതി നൽകിയത് വിജയമായതിനെ തുടർന്നാണ് സൗകര്യം വ്യാപിപ്പിക്കുന്നത്. രോഗിക്കും വീട്ടിലെ അംഗങ്ങൾക്കും മറ്റ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലെന്നും രോഗി താമസിക്കുന്ന മുറിയോട് ചേർന്ന് ശൗചാലയം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉണ്ടെന്ന് പരിശോധിച്ച് ഉറപ്പാക്കിയശേഷമായിരിക്കും ഹോം ഐസൊലേഷൻ അനുവദിക്കുക. ആരോഗ്യ വകുപ്പിനും തദ്ദേശഭരണ സ്ഥാപനത്തിനുമാണ് പരിശോധനയുടെ ചുമതല.

വീടുകളിൽ കഴിയുന്നവരെ ആവശ്യമെങ്കിൽ ഏതുസമയത്തും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ എല്ലാ പ്രദേശങ്ങളിലും ഉറപ്പാക്കും. അത്യാവശ്യ ഘട്ടങ്ങളിൽ ആംബുലൻസ് എത്തുവാൻ മതിയായ റോഡ് സൗകര്യങ്ങൾ ഇല്ലാത്ത മേഖലകളിൽ താമസിക്കുന്നവർക്ക് ഹോം ഐസൊലേഷൻ അനുവദിക്കില്ല.
ഹോം ഐസോലേഷൻ അനുവദിക്കുന്നതോടെ കൂടുതൽ ആളുകൾ കൊവിഡ് പരിശോധനയ്ക്ക് സന്നദ്ധരാകുമെന്നും രോഗമുണ്ടെങ്കിലും ലക്ഷണമില്ലാത്ത പരമാവധി ആളുകളെ കണ്ടെത്തി പരിശോധന നടത്തി സമ്പർക്ക രോഗബാധ കുറയ്ക്കാനാകുമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വിലയിരുത്തി.

ഇവർക്ക് പറ്റില്ല:

പ്രായമായവർ,

ഗർഭിണികൾ,

മറ്റ് രോഗികൾ

ആരോഗ്യ വകുപ്പിന്റെ പരിരക്ഷ ഉറപ്പ്

വീടുകളിൽ കഴിയുന്നവരെ ദിവസവും ഫോണിൽ ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതി വിലയിരുത്തും

 പനി, ശ്വാസതടസം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആശുപത്രിയിലാക്കും

 പത്താം ദിവസം സ്രവപരിശോധനയിൽ നെഗറ്റീവാണെങ്കിൽ ഐസൊലേഷൻ ഒഴിവാക്കും
 ഏഴു ദിവസം കൂടി നിരീക്ഷണത്തിൽ കഴിഞ്ഞശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങാം

'' നിലവിൽ ആരോഗ്യ ബ്ലോക്ക് തലത്തിലുള്ള കൊവിഡ് ചികിത്സാ സംവിധാനം പ്രാഥമികാരോഗ്യ കേന്ദ്ര തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമാണ് ഹോം ഐസൊലേഷൻ ഏർപ്പെടുത്തുന്നത്. രോഗം സ്ഥിരീകരിച്ച വിവരം അറിയിക്കാൻ ആരോഗ്യ വകുപ്പിൽനിന്ന് ബന്ധപ്പെടുമ്പോൾ ഹോം ഐസൊലേഷനിൽ കഴിയാൻ ആഗ്രഹിക്കുന്നവർക്ക് ഇക്കാര്യം അറിയിക്കാം''

എം.അഞ്ജന, കളക്ടർ