കുഞ്ഞൂഞ്ഞിന് ഒരു ചേച്ചിയാണുള്ളത്. ചേച്ചിയെ വിളിക്കുന്നത് അമ്മാമ്മയെന്നും. രണ്ട് വയസിന് മൂത്ത ചേച്ചി അച്ചാമ്മയോട് അമ്മയോടുള്ള അടുപ്പമാണ് കുഞ്ഞൂഞ്ഞിന്. അന്ന് തോട്ടിൽ ഞങ്ങൾ മുങ്ങിപ്പോയിരുന്നെങ്കിൽ... ഹോ ഓർക്കാൻ പോലും വയ്യ! പത്ത് വയസിൽ താഴെയുള്ളപ്പോൾ കുമരകത്തെ അമ്മവീട്ടിൽ ചെന്നപ്പോൾ വള്ളംകാണാൻ പോയ കഥ അച്ചാമ്മ ഓർത്തെടുത്തു. കുഞ്ഞൂഞ്ഞും അനിയനും അച്ചാമ്മയും തമ്മിൽ രണ്ട് വീതം വയസിന്റെ വ്യത്യാസമാണുള്ളത്. അതുകൊണ്ട് തന്നെ അമ്മാമ്മയെ ഒറ്റയ്ക്ക്എങ്ങും വിടില്ല അനിയൻമാർ. കുമരകത്ത് അട്ടിപ്പീടികയിലെ തോട്ടിൽ വള്ളംകാണാനായി മൂവരും ആരുംകാണാതെ മുങ്ങി. തോട്ടിൽ ഇറങ്ങിവള്ളത്തിലേയ്ക്ക് പോകുമ്പോൾ കാൽതെറ്റി. മുങ്ങിത്തുടങ്ങുമ്പോഴാണ് അമ്മാച്ചൻമാർ ഓടിയെത്തി പൊക്കിയെടുത്തു. എല്ലാം ഇന്നലെ നടന്നപോലെ ഓർക്കുന്നു.