arrest

കട്ടപ്പന: പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ ഫോറസ്റ്റ് ഇന്റലിജന്റ്‌സ് ഓഫീസറെയും താത്കാലിക വാർഡൻമാരെയും മർദ്ദിച്ച കേസിൽ വനപാലകരടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വഞ്ചിവയൽ ആദിവാസി കോളനിയിലെ ഊരുമൂപ്പനായ നെല്ലിയ്ക്കൽ അജയൻ(42), വനം വകുപ്പിലെ സ്ഥിരം ജീവനക്കാരായ പുന്നയ്ക്കൽ സതീഷ്(39), വിഷ്ണുഭവനിൽ വിഷ്ണു(30), താത്കാലിക ജീവനക്കാരായ ഈട്ടിക്കുന്നേൽ ബിജു(32), പാലംമൂട്ടിൽ രഞ്ജിത്ത്(26) എന്നിവരാണ് ഏഴുമാസത്തിനുശേഷം പിടിയിലായത്.


ജനുവരി 25നാണ് ഫോറസ്റ്റ് ഇന്റലിജന്റ്‌സ് ആഫീസർ സി. സുജിത്, താത്കാലിക വാർഡൻമാരായ അലിയാർ, കാർത്തിക് എന്നിവർ പെരിയാർ കടുവ സങ്കേതത്തിലെ വള്ളക്കടവ് റേഞ്ചിൽ ഉൾപ്പെട്ട വഞ്ചിവയലിൽ മർദ്ദനമേറ്റത്.
കടുവ സങ്കേതത്തിനുള്ളിൽ മരം മുറിക്കുന്നതായുള്ള വിവരം അന്വേഷിക്കാൻ എത്തിയതായിരുന്നു ഉദ്യോഗസ്ഥർ. ഇവരുടെ പരിശോധനയിൽ മൂലക്കയം ഭാഗത്ത് വെട്ടിക്കടത്തിയ മരത്തിന്റെ കുറ്റി കണ്ടെത്തി. തെളിവിനായി ഇതിന്റെ ചിത്രങ്ങൾ പകർത്തുകയും ചെയ്തു. തിരികെ മടങ്ങുന്നതിനിടെ വഞ്ചിവയലിൽ ഒരുസംഘമാളുകൾ ഇവരെ തടഞ്ഞു. വനത്തിനുള്ളിലെ മൈതാന നിർമാണവുമായി ബന്ധപ്പെട്ട് അന്വേഷിക്കാൻ എത്തിയതാണെന്നു തെറ്റിദ്ധരിച്ച് മർദിക്കുകയായിരുന്നു. ഉദ്യോഗസ്ഥർ തിരിച്ചറിയൽ കാർഡ് കാണിച്ചിട്ടും അക്രമിസംഘം പിൻമാറിയില്ല. വണ്ടിയിൽ നിന്നു വലിച്ചിറക്കി ഉദ്യോഗസ്ഥരെ വള്ളക്കടവ് ചെക്ക്‌പോസ്റ്റ് ഓഫീസിലേക്കും കൊണ്ടുപോയി. ഇതിനിടെ തിരിച്ചറിയൽ കാർഡ് കണ്ട് ഉദ്യോഗസ്ഥനാണെന്നു ബോദ്ധ്യപ്പെട്ടിട്ടും മർദ്ദനം തുടർന്നു. ഈ സമയം വള്ളക്കടവ് റേഞ്ചർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ എന്നിവർ സ്ഥലത്തുണ്ടായിരുന്നു. മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുക്കാൻ തയാറായത്. സംഭവം നടന്ന് ആറുമാസം കഴിഞ്ഞിട്ടും നടപടി വൈകിയതിൽ പ്രതിഷേധിച്ച് കെ.എസ്.എഫ്.പി.എസ്.ഒ. സമരത്തിലേക്ക് കടന്നിരുന്നു. തുടർന്നാണ് കട്ടപ്പന ഡിവൈ.എസ്.പി. എൻ.സി. രാജ്‌മോഹന്റെ നേതൃത്വത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോവിഡ് പരിശോധന അടക്കമുള്ള വൈദ്യ പരിശോധനകൾക്ക് വിധേയരാക്കി. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, കൈയേറ്റം ചെയ്യൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.