കോട്ടയം: കാലം തെറ്റിയെങ്കിലും കാന്തല്ലൂരിലെ കർഷകർ ആഹ്ളാദതിമിർപ്പിലാണ്. കാന്തല്ലൂരിൽ പച്ചക്കറി വിളവെടുപ്പ് ആരംഭിച്ചു. തരക്കേടില്ലാത്ത വിളവാണ് പച്ചക്കറിക്ക് ലഭിച്ചിരിക്കുന്നത്. കാന്തല്ലൂരിൽ പരക്കെ കൃഷിചെയ്യുന്ന ഉരുളക്കിഴങ്ങിന് വിളവ് കുറഞ്ഞെങ്കിലും വിലയിൽ അല്പം വർദ്ധനവ് ഉണ്ടായത് കർഷകർക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്.
ഓണത്തിന് പറിക്കേണ്ട പച്ചക്കറികൾ പലതും വിളഞ്ഞത് ഇപ്പോഴാണ്. ഇവിടെ കൃഷിചെയ്യേണ്ട പല വിത്തുകളും എത്തിക്കുന്നത് തമിഴ് നാട്ടിൽ നിന്നാണ്. ലോക്ക് ഡൗൺ നിലനിന്നതിനാൽ തമിഴ്നാട്ടിൽ നിന്നും കൃത്യസമയത്ത് വിത്തുകൾ എത്തിക്കാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ കൃഷി ഇറക്കിയത് താമസിച്ചാണ്. അതിനാലാണ് ഓണത്തിന് വിളവെടുക്കാൻ സാധിക്കാതെ വന്നത്.
മഴ ചതിച്ചു, കൂടെ രോഗവും
കാന്തല്ലൂരിലെ കീഴാന്തൂർ, പുത്തൂർ , പെരുമല, നരാച്ച് എന്നിവടങ്ങളിലാണ് ഉരുളക്കിഴങ്ങ് കൃഷിചെയ്യുന്നത്. തരംതിരിക്കാത്ത ഉരുളക്കിഴങ്ങിന് കിലോയ്ക്ക് 30- 35 രൂപ ലഭിക്കുന്നുണ്ട്. 45 കിലോഗ്രാം തൂക്കം വരുന്ന ചാക്കുകളിലാക്കിയാണ് വിൽപ്പന നടത്തുന്നത്.
ഒരേക്കറിൽ ഉരുളക്കിഴങ്ങ് കൃഷി ഇറക്കുന്നതിന് 600 മുതൽ 700 കിലോ വിത്താണ് വേണ്ടിവരിക. ജലന്തർ പൊട്ടറ്റോ റിസർച്ച് സെന്ററിൽ നിന്നുള്ള കുപ്പിരിജ്യോതി എന്ന കിഴങ്ങാണ് കാന്തല്ലൂർ മേഖലയിൽ പ്രധാനമായും ഉപയോഗിക്കുന്നത്. അത്യുതപാതന ശേഷിയുള്ള ഈ കിഴങ്ങ് ഒരേക്കറിൽ നിന്ന് എട്ട് ടൺ വരെ ലഭിക്കും. എന്നാൽ കാന്തല്ലൂരിൽ ഇക്കുറി അതിന്റെ പകുതി ഉല്പാദനമേ ഉണ്ടായിട്ടുള്ളു. കാന്തല്ലൂരിൽ വർഷങ്ങളായി കൃഷി ചെയ്തു വന്നിരുന്ന ഇനങ്ങളിൽ നിന്നും പൂർണ്ണമായും മാറി മേട്ടുപ്പാളയത്ത് നിന്നും എത്തിച്ച വിത്താണ് ഇത്തവണ ഇറക്കിയത്. ജൂൺ പകുതി മുതൽ ലഭിക്കേണ്ട നൂൽമഴ ഇല്ലാത്തതും കൊമ്പ്ച്ചാവ് എന്നരോഗബാധ ബാധിച്ചതും ഉത്പാദനത്തെ ദോഷകരമായി ബാധിച്ചതായി കർഷകർ പറയുന്നു.
ഓണക്കാലത്ത് ഹോർട്ടികോർപ്പ് 40 -45 രൂപ നിരക്കിലാണ് ഉരുളക്കിഴങ്ങ് സംഭരിച്ചിരുന്നത്. ഓണക്കലത്തിന് ശേഷം ഹോർട്ടികോർപ്പ് കാന്തല്ലൂരിൽ നിന്നുള്ള പച്ചക്കറി സംഭരണം നിർത്തിവച്ചിരിക്കുകയാണ്. ഹോർട്ടികോർപ്പ് സംഭരണം പുനരാരംഭിച്ചാൽ കർഷകർക്ക് തരക്കേടില്ലാത്ത വില ലഭിക്കുമെന്നാണ് കർഷകരുടെ കണക്കുകൂട്ടൽ. ഉത്പാദനത്തിലുണ്ടായ കുറവ് ഇതിലൂടെ തിരിച്ചുപിടിക്കാമെന്നാണ് കർഷകരുടെ കണക്കുകൂട്ടൽ.