wedding

പാലാ: കൊട്ടും കുരവയുമില്ല. നാദസ്വരത്തിന്റെ അകമ്പടിയിൽ താലികെട്ടുമില്ല. അങ്ങോട്ടുമിങ്ങോട്ടും ഹാരവുമണിയിച്ചില്ല. പരസ്പരം കൈ കൊടുത്തു, കല്ല്യാണം കഴിഞ്ഞു.രാമപുരം പാച്ചോറ്റിയേൽ അശോകന്റെയും കാഞ്ചനയുടെയും മകൾ അപർണ്ണയും തൃക്കാക്കര ഉണിച്ചിറ ബോധി വിഹാറിൽ കെ.പി. ജോർജിന്റെയും ഓമനയുടെയും മകൻ റസ്സൽ ശാസ്ത്രിയും തമ്മിലുള്ള വിവാഹമാണ് കൊവിഡ് കാലത്ത് വേറിട്ട രീതിയിൽ നടന്നത്. വിവാഹ സംബന്ധമായ മറ്റ് ആചാരങ്ങളൊന്നുമുണ്ടായിരുന്നില്ല.

വരൻ റസ്സലിന്റെ വസതിയിൽ നടന്ന വിവാഹത്തിന് വധൂ -വരന്മാർ തമ്മിൽ ഷേക്ക് ഹാൻഡ് നൽകിയാൽ മാത്രം മതി എന്ന് ഇരുവീട്ടുകാരും ചേർന്ന് നേരത്തേ തീരുമാനിച്ചിരുന്നു. ഷേക്ക് ഹാൻഡ് കല്യാണത്തിനു മുഖ്യകാർമികത്വം വഹിച്ചത് മാനവ വേദി സംസ്ഥാന ഓർഗനൈസർ പ്രൊഫ. കെ. ഡി. സുധാകരനാണ്.

കൊവിഡ് പ്രോട്ടോക്കോൾ കല്ല്യാണം

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു വേറിട്ട കല്ല്യാണം. ആദ്യം വരന്റെയും തുടർന്ന് വധുവിന്റെയും കൈകൾ സോപ്പു വെള്ളവും സാനിറ്റൈസറും ഉപയോഗിച്ച് കഴുകി. തുടർന്ന് ഇരുവരോടും ഷേക്ക് ഹാൻഡ് ചെയ്യാൻ കാർമ്മികൻ പ്രൊഫ. കെ. ഡി. സുധാകരൻ പറഞ്ഞു. ഷേക്ക് ഹാൻഡ് ചെയ്ത് ജീവിതത്തിൽ ഒന്നായ റസ്സലിന്റെയും അപർണ്ണയുടെയും കൈകൾ കൂട്ടിപ്പിടിച്ച പ്രൊഫ.സുധാകരൻ വീണ്ടും സാനിറ്റൈസർ തളിച്ചതോടെ വിവാഹം ശുഭം.

പഴയകാല നക്സൽ നേതാവാണ് അപർണ്ണയുടെ അച്ഛൻ രാമപുരം അശോകൻ. റസ്സലിന്റെ പിതാവ് കെ.പി. ജോർജും കുടുംബവും യുക്തിവാദ പഠനകേന്ദ്രത്തിന്റെ സജീവ പ്രവർത്തകരും. മിശ്രവിവാഹമേ കഴിക്കൂ എന്ന റസ്സലിന്റെയും അപർണ്ണയുടേയും മോഹം സാക്ഷാത്ക്കരിച്ചത് ഇരുകുടുംബങ്ങളുടേയും അടുത്ത സുഹൃത്തായ പ്രൊഫ. കെ. ഡി. സുധാകരന്റെ ഇടപെടലാണ്. മാവേലിക്കര ബിഷപ്പ് മൂർ കോളജിലെ റിട്ട. പ്രൊഫസറായ സുധാകരനും യുക്തിവാദ സംഘത്തിലെ സജീവ പ്രവർത്തകനാണ്. ഇക്കണോമിക്സ് ബിരുദധാരിയാണ് അപർണ്ണ. റസ്സൽ കളമശ്ശേരിയിൽ ഒരു സ്കൂട്ടർ കമ്പനിയിൽ മാനേജരാണ്. ഇരു വിഭാഗത്തിൽ നിന്നുമായി ഇരുപതിൽ താഴെ ആളുകൾ മാത്രമേ കൈ കൊടുത്തുള്ളകല്ല്യാണത്തിൽ പങ്കെടുത്തുള്ളൂ.