കോട്ടയം : സ്വർണ്ണക്കടത്ത് കേസിൽ മന്ത്രി കെ.ടി.ജലീൽ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച നടത്തിയ എസ്.പി ഓഫീസ് മാർച്ചിൽ സംഘർഷം. ലാത്തിച്ചാ‌ർജിലും ജലപീരങ്കി പ്രയോഗത്തിലും നാലുപേർക്ക് പരിക്കേറ്റു. ബി.ജെ.പി മധ്യമേഖലാ അദ്ധ്യക്ഷൻ എൻ.കെ നാരായണൻ നമ്പൂതിതി, യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഖിൽ രവീന്ദ്രൻ, ജില്ലാ സെക്രട്ടറി ലാൽകൃഷ്ണ, ശ്യാം വൈക്കം എന്നിവർക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമാണെന്നു കണ്ടതിനെ തുടർന്ന് അഖിൽ, ശ്യാം എന്നിവരെ വിദഗ്‌ദ്ധ ചികിത്സയ്‌ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ 11 ഓടെയാണ് ഗാന്ധിസ്‌ക്വയറിൽ നിന്ന് പ്രകടനം ആരംഭിച്ചത്. കളക്ടറേറ്റിന് സമീപം പൊലീസ് തടഞ്ഞു. ജലപീരങ്കി പ്രയോഗത്തിൽ നിലത്ത് വീണ അഖിലിന്റെ നെഞ്ചിൽ പൊലീസ് ബൂട്ടിട്ട് ചവിട്ടിയതായി യുവമോർച്ച നേതാക്കൾ ആരോപിച്ചു. സംഘർഷത്തെ തുടർന്ന് അരമണിക്കൂറോളം കെ.കെ റോഡിൽ ഗതാഗതം തടസപ്പെട്ടു.