കോട്ടയം : വോട്ടർപ്പട്ടികയിലെ തിരുത്തലിനെ ചൊല്ലി പനച്ചിക്കാട് പഞ്ചായത്തിൽ രാഷ്‌ട്രീയപ്പോര് മുറുകുന്നു.
വ്യാജപരാതി നൽകി വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ വെട്ടിമാറ്റുന്നതായാണ് പരാതി ഉയർന്നിരിക്കുന്നത്. എന്നാൽ, പരാതിയിൽ യാഥാർത്ഥ്യമില്ലെന്ന് സി.പി.എം പ്രതികരിച്ചു. ഏകപക്ഷീയമായി കോൺഗ്രസ് അനുഭാവികളുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യാനുള്ള സി.പി.എം ശ്രമത്തിനെതിരെ കോൺഗ്രസ് പനച്ചിക്കാട് കൊല്ലാട് മണ്ഡലം കമ്മിറ്റികൾ ജില്ലാ കളക്ടർക്ക് പരാതി നൽകി. ഇതിൽ പ്രതിഷേധിച്ച് പഞ്ചായത്തോഫീസ് പടിക്കൽ ധർണ നടത്തി. കൊല്ലാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സിബി ജോൺ അദ്ധ്യക്ഷത വഹിച്ചു.
ഭർത്താവ് ഭാര്യയെ കെട്ടിച്ചു വിട്ടു
വോട്ടർ പട്ടിക പുറത്തു വന്നപ്പോൾ കണ്ടത് ഭർത്താവ് ഭാര്യയെ കെട്ടിച്ചു വിട്ടതാണ്. ഭാര്യയെ വിവാഹം ചെയ്‌ത് അയച്ചതിനാൽ വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിൽ പരാതി നൽകിയത് ഭർത്താവ് തന്നെയാണ് എന്നതാണ് വിചിത്രം. എന്നാൽ, വോട്ടർ പട്ടികയുടെ ഹിയറിംഗിനായി നോട്ടീസ് വീട്ടിലെത്തിയപ്പോൾ മാത്രമാണ് ഭർത്താവും ഭാര്യയും വിവരം അറിയുന്നത്. ഇതോടെ ഇരുവരും പരാതിയുമായി പഞ്ചായത്ത് സെക്രട്ടറിയെ സമീപിച്ചു. വിഷയം കോൺഗ്രസും ഏറ്റെടുത്തു. വർഷങ്ങളായി പഞ്ചായത്തിൽ താമസിക്കുന്ന ആൾ താമസം മാറ്റിയെന്നതായിരുന്നു മറ്റൊരു പരാതി. ഈ പരാതിയിൽ പരിശോധനയ്‌ക്ക് എത്തിയവരോട് തങ്ങൾ അപേക്ഷയേ നൽകിയിട്ടില്ലെന്ന് അപേക്ഷകൻ അറിയിച്ചു. സ്വന്തം മകളുടെ വിവാഹ കാര്യത്തെപ്പറ്റി ഇതുവരെ ചിന്തിക്കാത്ത മാതാപിതാക്കൾക്ക് മകളെ വിവാഹം ചെയ്തയച്ചതായി കാണിച്ച് പേര് നീക്കം ചെയ്യാനാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. മറ്റൊരു സ്ഥലത്തേക്കും താമസം മാറാതെ 15 വർഷമായി സ്ഥിരതാമസമാക്കിയ ദമ്പതികളുടെ പേരുകൾ നീക്കം ചെയ്യാൻ വീട്ടിൽ ആൾതാമസമില്ലെന്നാണ് കാരണം കാണിച്ച് നോട്ടീസ് നൽകിയിരിക്കുന്നത്.