പാലാ: ആയിരക്കണക്കിനു ശിഷ്യർക്ക് നടനചാരുത പകർന്ന കൈകളാണ്. ചായ അടിക്കുമ്പോഴും താളം കിറുകൃത്യം. ആ മുഖത്തിപ്പോൾ ഒറ്റ രസമേ നിറയൂ. ചായ കുടിക്കാനെത്തുന്നവരുടെ ചിരി കാണുമ്പോൾ ആ വിഷാദം മാഞ്ഞുപോകുന്നു. നൃത്തോപാസനയിലൂടെ ആൻഡമാനിൽ കൾച്ചറൽ ഡയറക്ടർ പദവിയിൽ വരെ ഉയർന്ന മലയാളിയാണ് പാലായ്ക്കടുത്ത് വലവൂരിലെ ചെറിയ ബേക്കറിയിൽ ചായ അടിക്കുന്ന ഊരാശാല സ്വദേശി മണിക്കുട്ടനാചാര്യ. കൊവിഡ് കൊടുത്ത പുരസ്‌കാരം!
ആറു പതിറ്റാണ്ടായി നൃത്താഭ്യാസം നടത്തിപ്പോന്ന മണിക്കുട്ടനാചാര്യ, മറ്റൊരു സമ്പാദ്യവുമില്ലാതെയാണ് ജോലിയിൽ നിന്ന് വിരമിച്ച ശേഷം ആൻഡമാനിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയത്. കിട്ടിയ പണമൊക്കെ പാവപ്പെട്ട കലാകാരന്മാർക്കായി വിനിയോഗിക്കുകയായിരുന്നു. ജോലി കോൺട്രാക്ട് വ്യവസ്ഥയിലായിരുന്നതിനാൽ പെൻഷനുമില്ല. ഇടനാട് പേണ്ടാനം വയലിലെ 'നടന കലാക്ഷേത്രം ' എന്ന കൊച്ചു വീട്ടിൽ തുച്ഛമായ ഫീസിൽ കുട്ടികളെ നൃത്തം പഠിപ്പിച്ചു വരികയായിരുന്നു. ഒരു പഴയ ശിക്ഷ്യ വാടകയില്ലാതെ കൊടുത്ത വീടാണിത്. കൊവിഡ് ഭീതി പരന്നതോടെ ജീവിതച്ചുവടുകൾ തെറ്റി. നാമമാത്രമായ വരുമാനം നിലച്ചു.
''ഇതുവരെ കാണാത്ത ഒരാൾ ആൻഡമാനിലെ ഒരു വൈദികസുഹൃത്ത് വഴി അഞ്ച് മാസമായി 5000 രൂപ വീതം അയച്ചുതരുന്നു. അതുകൊണ്ടാണ് കഞ്ഞി കുടിച്ചുപോന്നത്. കൂട്ടുകാർ കുറച്ചു സഹായം നൽകിയതോടെയാണ് കഴിഞ്ഞ തിങ്കളാഴ്ച മുതൽ വലവൂർ വേരനാൽ ജംഗ്ഷനിൽ ചെറിയൊരു ബേക്കറി തുടങ്ങിയത്. ചായ അടിക്കാനും സാധനങ്ങളെടുത്തു കൊടുക്കാനുമെല്ലാം ഞാൻ മാത്രം ' മഴത്തണുപ്പിൽ ചൂടു ചായ പകർന്നുകൊടുക്കുന്നതിന്റെ സന്തോഷത്തോടെ മണിക്കുട്ടനാചാര്യ പറഞ്ഞു.
-ഒറ്റപ്പെട്ട ജീവിതം
ഭാര്യയും കലാകാരികളായ മക്കളുമൊക്കെയുണ്ടെങ്കിലും ഒറ്റപ്പെട്ട ജീവിതമാണ് മണിക്കുട്ടനാചാര്യയുടേത്. കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ കീഴിൽ ഏഴു വർഷത്തോളം മോഹിനിയാട്ടവും ഭരതനാട്യവും കുച്ചിപ്പുടിയും പരിശീലിച്ചിട്ടുണ്ട്. കൊച്ചിൻ റിഫൈനറി സ്‌കൂളിൽ നൃത്താദ്ധ്യാപകനായിരുന്നു. പിന്നീടാണ് ആൻഡമാനിലേക്ക് പോയത്. ആൻഡമാൻ സർക്കാരിന്റെ ബെസ്റ്റ് ക്ലാസിക്കൽ ഡാൻസർ പുരസ്‌കാരവും ലഭിച്ചു. പ്രസിഡന്റിന്റെയും പ്രധാനമന്ത്രിമാരുടെയുമൊക്കെ മുന്നിൽ നടനമാടാനുള്ള നിരവധി അവസരങ്ങളും ലഭിച്ചിട്ടുണ്ട്.
'നൃത്തം വിട്ട് എനിക്കൊരു ജീവിതമില്ല. ഈ പ്രതിസന്ധി മാറും. നൃത്ത വേദിയിൽ മടങ്ങിയെത്തും. ഇപ്പോൾ ജീവിതം നിലനിറുത്തുന്ന ഈ ചായ അടി ഉണ്ടല്ലോ, ആരോഗ്യം അനുവദിക്കുന്നിടത്തോളം അതും തുടരും.
- മണിക്കുട്ടനാചാര്യ