അടിമാലി: നിർമ്മാണം നടന്ന് നാളുകൾക്കുള്ളിൽ തകർന്ന ചിന്നാർ പനംകൂട്ടി റോഡ് പുനർ നിർമ്മിക്കണമെന്നാവശ്യപെട്ട് ഉപരോധ സമരവുമായി നാട്ടുകാർ രംഗത്ത്. ചിന്നാർ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കായി വലിയ ഭാരവാഹനങ്ങൾ അധികമായി ഓടിയതോടെയാണ് റോഡ് തകർന്നത്. നിർമ്മാണം പൂർത്തിയാക്കി മാസങ്ങൾക്കുള്ളിലാണ് ചിന്നാർ പനംകൂട്ടി പി.ഡബ്ലു.ഡി റോഡ് ചുരുങ്ങിയ കാലംകൊണ്ട് തകർന്നത്. കാൽനടക്കാർക്കുപോലും ദുരിതയാത്രയാണ്. അപകടങ്ങൾ പതിവായ ഈ റോഡിന്റെ ഇഞ്ചത്തൊട്ടി ഭാഗത്താണ് റോഡ് ഏറ്റവും കൂടുതൽ തകർന്നിട്ടുള്ളത്. കെ.എസ്.ഇ.ബി യും, പി.ഡബ്ലു.ഡി യും പരസ്പരം പഴിചാരി നാട്ടുകാരെ കബളിപ്പിക്കുകയാണെന്നും ആരോപണമുയർന്നു.. സമരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.പി. മൽക്ക ഉദ്ഘാടനം ചെയ്തു. ഫാ. കുര്യാക്കോസ് മറ്റം, ഡോണ സാന്റു, ലിസമ്മ ജോസ്, രാജൻ ഗോപി, ജെയിംസ് മ്ലാക്കുഴി എന്നിവർ പ്രസംഗിച്ചു.