yuvamorcha
യുവമോര്‍ച്ചയുടെ ഡിവൈ.എസ്.പി. ഓഫീസില്‍ മാര്‍ച്ചില്‍ പ്രവര്‍ത്തകരും പൊലീസുമായി ഉന്തും തള്ളുമുണ്ടായപ്പോള്‍.

കട്ടപ്പന: എൻ.ഐ.എ. ചോദ്യം ചെയ്ത മന്ത്രി കെ.ടി. ജലീൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച നടത്തിയ കട്ടപ്പന ഡിവൈ.എസ്.പി. ഓഫീസ് മാർച്ചിൽ നേരിയ സംഘർഷം. പൊലീസുമായി ഉന്തും തള്ളുമുണ്ടായതോടെ പ്രവർത്തകർ അറസ്റ്റ് ചെയ്തുനീക്കി. യുവമോർച്ച ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടുക്കിക്കവലയിൽ നിന്നാരംഭിച്ച മാർച്ച് ഡിവൈ.എസ്.പി. ഓഫീസിനുസമീപം പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. പ്രതിഷേധ യോഗത്തിനു ശേഷം പ്രവർത്തകർ ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിച്ചതോടെയാണ് പൊലീസുമായി ഉന്തും തള്ളുമുണ്ടായത്. തുടർന്ന് റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ച സമരക്കാരെ അറസ്റ്റ് ചെയ്തുനീക്കി.
യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പി. ശ്യംരാജ് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. ജലീൽ രാജിവയ്ക്കുന്നത് വരെ സംസ്ഥാനത്തെ തെരുവോരങ്ങളിൽ സമരം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
യുവമോർച്ച ഇടുക്കിനിയോജക മണ്ഡലം പ്രസിഡന്റ് സനിൽ സഹദേവൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി. ദേശീയ സമിതി അംഗം ശ്രീനഗരി രാജൻ മുഖ്യപ്രഭാഷണം നടത്തി. യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പുതിയേടത്ത്, ജനറൽ സെക്രട്ടറി വിനീത് വെണ്ണിപ്പറമ്പിൽ, വൈസ് പ്രസിഡന്റ് അഡ്വ. സുജിത്ത് ശശി, സെക്രട്ടറി അനന്ദുമങ്ങാടൻ, ട്രഷറർ കെ. സജിൻ, മണ്ഡലം ജനറൽ സെക്രട്ടറി അഭിജിത്ത് വട്ടപ്പാറ, ബി.ജെ.പി. ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് രതീഷ് വരകുമല, എറണാകുളം മേഖല സെക്രട്ടറി ജെ. ജയകുമാർ, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഷാജി നെല്ലിപ്പറമ്പിൽ, കെ. കുമാർ, കർഷക മോർച്ച ജില്ലാ പ്രസിഡന്റ് കെ.എൻ. പ്രകാശ്, കെ. ആറുമുഖം എന്നിവർ പങ്കെടുത്തു.