തലയോലപ്പറമ്പ് : സ്വപ്നതുല്യമായ മാറ്റങ്ങളാണ് ആരോഗ്യമേഖലയിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്നതെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. തലയോലപ്പറമ്പ് സാമൂഹ്യ ആരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വീഡിയോകോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു അവർ. അധികാരത്തിലെത്തിയ നാൾ മുതൽ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്ന പ്രവർത്തനങ്ങൾക്കാണ് സർക്കാർ രൂപം നൽകിയത്. ആർദ്രം മിഷന്റെ ഭാഗമായാണ് നാം ഇന്ന് കാണുന്ന വലിയ നേട്ടങ്ങൾ ആരോഗ്യമേഖലയ്ക്ക് കൈവരിക്കാനായത്. പി.എച്ച്.സികളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയതോടെ സാധാരണക്കാർക്ക് എത് സമയത്തും ആശ്രയിക്കാൻ കഴിയുന്ന വിധത്തിൽ ഗ്രാമീണ ആശുപത്രികൾ മാറിക്കഴിഞ്ഞെന്നും അവർ പറഞ്ഞു. സി.കെ.ആശ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.എം.സുധർമ്മൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ലില്ലിക്കുട്ടി മാത്യു, ജോസ് പുത്തൻകാല, ജാൻസി മാത്യു, അംഗങ്ങളായ സി.എൻ സന്തോഷ്, സി ബി പ്രമോദ്,പി.കെ ഉത്തമൻ, സരോജിനി തങ്കപ്പൻ, ലൂസമ്മ ജെയിംസ്, വാർഡ് മെമ്പർ ഷിജി വിൻസെന്റ്, ഡെപ്യൂട്ടി ഡി.എം. ഒ കെ.ആർ രാജൻ തുടങ്ങിയവർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മ ചന്ദ്രൻ സ്വാഗതവും, മെഡിക്കൽ ഓഫീസർ സുധർമണി ടി. തങ്കപ്പൻ നന്ദിയും പറഞ്ഞു.