കോട്ടയം: നിയമസഭാംഗമെന്ന നിലയിൽ അരനൂറ്റാണ്ട് പൂർത്തിയാക്കിയ ഉമ്മൻചാണ്ടിക്ക് ജന്മനാട് നൽകിയ ആദരവ് പ്രൗഢഗംഭീരമായി.
ഇന്നലെ പുലർച്ചെ മുതൽ രാത്രി വൈകും വരെ നീണ്ട ചടങ്ങ് കേരളത്തിൽ ഒരു ജനപ്രതിനിധിയെ ജനങ്ങൾ ഇത്രമാത്രം സ്നേഹിച്ചിരുന്നുവെന്നതിന്റെ നേർചിത്രമായി. പുലർച്ചെ പുതുപ്പള്ളി പള്ളിയിലെ കുർബാനയിൽ പങ്കെടുക്കാൻ കുടുംബസമേതം എത്തിയതു മുതൽ രാത്രി മാമ്മൻമാപ്പിള ഹാളിൽ കേരളത്തിലെ വിവിധ ഭാഗങ്ങളിലുള്ളവർ ഓൺലൈനിൽ തത്സമയം അനുഭവങ്ങൾ പങ്കുവയ്ക്കുന്നതു വരെ നീണ്ട ചടങ്ങ് എല്ലാ അർത്ഥത്തിലും വേറിട്ടതായി. ലോകമെമ്പാടുമായി 50 ലക്ഷം മലയാളികൾ വെർച്വൽ പ്ലാറ്റ് ഫോമിലൂടെ കണ്ട പരിപാടി ലിംക ബുക്ക് ഒഫ് ഗിന്നസ് റെക്കാഡിലും കയറും.
നേരിട്ടു വന്നത് അമ്പതു പ്രമുഖർ
കൊവിഡ് നിയന്ത്രണങ്ങൾ കാരണം വ്യത്യസ്തമേഖലകളിൽ നിന്നുള്ള അമ്പതു പ്രമുഖർ മാത്രം പങ്കെടുക്കുന്ന ചടങ്ങായി മാമ്മൻ മാപ്പിള ഹാളിലെ സുവർണ ജൂബിലി ആഘോഷ ചടങ്ങ് ഒതുക്കുകയായിരുന്നു . പതിനാല് ജില്ലകളിലും വാർഡു തലം മുതൽ വെർച്വൽ ഫ്ലാറ്റ് ഫോമിൽ പരിപാടി കാണാൻ വിവിധ ഡി.സി.സികൾ സൗകര്യമൊരുക്കിയിരുന്നു.
ഇതാദ്യമായാണ് ഇത്രയും അച്ചടക്കത്തോടെ ഒരു കോൺഗ്രസ് പരിപാടി നടക്കുന്നത്. സമൂഹത്തിന്റെ പരിഛേദമെന്ന നിലയിൽ വ്യത്യസ്ത മേഖലകളിൽ നിന്നുള്ള അമ്പതു പേർക്ക് മാത്രമായിരുന്നു പ്രവേശനം. നേരിട്ടും വീഡിയോ കോൺഫറൻസ് വഴിയും എല്ലാവർക്കും ആശംസകൾ നേരാൻ സൗകര്യമൊരുക്കിയിരുന്നു. അമ്പതു പേർ ആശംസ നേർന്നു. പിറകേ ഉമ്മൻചാണ്ടിയുടെ മറുപടി പ്രസംഗം. മൂന്നു മണിക്കൂറിനുള്ളിൽ പരിപാടി അവസാനിപ്പിക്കാൻ കഴിഞ്ഞുവെന്നത് എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ ,കെ.സി ജോസഫ് , ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് എന്നിവരുടെ സംഘാടന മികവിന് തെളിവായി .
സ്നേഹ വാത്സല്യങ്ങളിൽ അലിഞ്ഞ്
സുവർണജൂബിലി കേക്ക് മുറിച്ചത് പേരക്കുട്ടി എഫനോവയായിരുന്നു. അമ്പതു വർഷത്തിന്റെ ഓർമയ്ക്കായി അമ്പതു റോസപ്പൂക്കൾ കൊരുത്ത പുഷ്പമാല്യം ഉമ്മൻചാണ്ടിക്കൊപ്പം കോട്ടയത്ത് രാഷ്ട്രീയ കളരിയിലിറങ്ങിയ മുൻ ഡി.സി.സി പ്രസിഡന്റ് കുര്യൻ ജോയി സമ്മാനിച്ചു. പ്രവർത്തകരുടെ സ്നേഹ പ്രകടനം കാരണം യോഗസ്ഥലമായ മാമ്മൻമാപ്പിള ഹാളിലെത്താൻ ഉമ്മൻചാണ്ടി ഏറെ പാടു പെട്ടു. തലയിൽ ഗാന്ധി തൊപ്പിയും കഴുത്തിൽ പൂമാലയും അർപ്പിക്കാൻ പ്രവർത്തകർ തിക്കിത്തിരക്കി . ആരെയും പിണക്കാതെ അവരുടെ സ്നേഹ വാത്സല്യ പ്രകടനങ്ങളിൽ ഉമ്മൻചാണ്ടി അലിഞ്ഞു ചേർന്നു നിന്നു,
മൂന്നു മണിക്കൂറിലേറെ നീണ്ട ചടങ്ങിനൊടുവിൽ നന്ദി പ്രസംഗം നടത്തിയ ഉമ്മൻചാണ്ടി അരനൂറ്റാണ്ടു കാലം പുതുപ്പള്ളിയിൽ തന്നെ വിജയിപ്പിച്ച വോട്ടർമാരെ ഒരിക്കലും മറക്കാനാവില്ലെന്ന് വികാരാധീനനായി പറഞ്ഞു. വിവിധ സംഘടനകളുടെയും വ്യക്തികളുടെയും പേരിൽ നിരവധി ഉപഹാരങ്ങളാണ് സുവർണ ജൂബിലി ചടങ്ങിൽ ഉമ്മൻചാണ്ടിക്ക് സമ്മാനിച്ചത് .