pullipuli

കോട്ടയം: മേയാൻ വിട്ട കറവപ്പശുവിനെ ആക്രമിച്ച് കൊന്നു തിന്ന പുള്ളിപ്പുലിയോട് ഒന്നര വർഷം കൊണ്ടു നടന്ന പകയ്ക്ക് കഴിഞ്ഞ ദിവസം അറുതിയായി. കെണിയിൽ വീണ പുള്ളിപ്പുലിയെ തലയ്ക്കടിച്ച് കൊന്നു. പക്ഷേ, പക തീർത്ത കാര്യം നാട്ടുകാർ വനപാലകരുടെ ചെവിയിലെത്തിച്ചു. മൂന്നാർ ക​ന്നി​മ​ല​ ​ലോ​വ​ർ​ ​ഡി​വി​ഷ​നി​ൽ​ താമസിക്കുന്ന പുലിമുരുകൻ എന്നറിയപ്പെടുന്ന ​എ.​ ​കു​മാർ (34) അഴിക്കുള്ളിലായി.

ഒന്നര വർഷം മുമ്പാണ് കുമാറിന്റെ ഏക വരുമാന മാർഗമായിരുന്ന കറവപ്പശുവിനെ മേയാൻ വിട്ടപ്പോൾ പുള്ളിപ്പുലി കൊന്നു തിന്നത്. അതോടെ കുമാറിന് പുള്ളിപ്പുലിയോട് പകയായി. ഇതിനെ വകവരുത്താൻ തീരുമാനിച്ച കുമാർ കെണിവച്ച് കാത്തിരുന്നു. ഒന്നര വർഷം മുമ്പ് ഒരുക്കിയ കെണിയിൽ എല്ലാ ദിവസവും രഹസ്യമായി എത്തി പരിശോധിച്ചിരുന്നു. പുലി അകപ്പെടാൻ കുമാറിന് ഒന്നര വർഷം കാത്തിരിക്കേണ്ടി വന്നു. കഴിഞ്ഞ എട്ടാം തീയതി രാവിലെ പുലി കെണിയിൽ വീണതായി കണ്ടെത്തി. തുടർന്ന് പുലിയെ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. നാലുവയസുണ്ടായിരുന്നു പുള്ളിപ്പുലിക്ക്.

എ.​സി.​എ​ഫ് ​സ​ജീ​ഷ് ​കു​മാ​ർ,​ ​റേഞ്ച് ഒാ​ഫി​സ​ർ​ ​ഹ​രീ​ന്ദ്ര​കു​മാ​ർ​ ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാണ് കുമാറിനെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.