കോട്ടയം: ഓണാഘോഷത്തോടനുബന്ധിച്ച് അരുണാചലിൽ നടത്തിയ വാശിയേറിയ പൂവൻ കോഴി ലേലത്തിൽ കിട്ടിയ അരലക്ഷം രൂപകൊണ്ട് കോട്ടയത്തെ പാവപ്പെട്ട കുരുന്നുകൾക്ക് പഠന സൗകര്യമൊരുക്കുകയാണ് കേരള കലാ സാംസ്‌കാരിക വേദി എന്ന കെ.കെ.എസ്.വി. കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ ഓണാഘോഷ പരിപാടികളുടെ ഭാഗമായി ഓൺലൈനായാണ് കെ.കെ.എസ്.വി പൂവൻ കോഴി ലേലം സംഘടിപ്പിച്ചത്. ലേലത്തിന് വാശിമുറുകിയപ്പോൾ അഞ്ഞൂറെന്നുള്ളത് ആയിരവും രണ്ടായിരവും കടന്ന് അമ്പതിനായിരത്തിലെത്തി. പണം പാവപ്പെട്ട വിദ്യാർത്ഥികളുടെ പഠന ചെലവിനും നീക്കിവച്ചു. കോട്ടയം ഉൾപ്പെടെയുള്ള അഞ്ച് ജില്ലകളിലെ അഞ്ച് കുടുംബങ്ങൾക്കായി രണ്ട് എൽ.ഇ.ഡി ടെലിവിഷനും മൂന്ന് സ്മാർട്ട് ഫോണുകളും വാങ്ങി നൽകി. മഹാപ്രളയകാലത്ത് ഏഴ് ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതെന്ന് കെ.കെ.എസ്.വിയുടെ ജന:സെക്രട്ടറി ജി.പ്രവീൺ അറിയിച്ചു.