പാലാ: പാലാ കേന്ദ്രമായി ആരംഭിക്കുന്ന സ്‌പോർട്‌സ് അക്കാദമിയിൽ മുഖ്യ പരിശീലകനായി എത്തുന്നത് ക്യാപ്റ്റൻ അജിമോൻ കെ .എസ്. ഇന്ത്യൻ ആർമിയിലെ മുൻ ചീഫ് കോച്ച്. പൂഞ്ഞാർ സ്വദേശി .'ഭാരതത്തിന് ഒളിംപിക്‌സ് മെഡൽ വെറും സ്വപ്നമല്ല, ലക്ഷ്യമാണ്. നമ്മൾ മലയാളികളിലൂടെ രാജ്യം അതു നേടിയിരിക്കും ' അക്കാദമിയുടെ പരിശീലന ചുമതലയേറ്റെടുത്ത അജിമോൻ 'കേരള കൗമുദി ' യോടു പറഞ്ഞു.1990ൽ സ്‌പോർട്ട്‌സ് ക്വാട്ടായിലാണ് അജിമോൻ ഇന്ത്യൻ ആർമിൽ ചേർന്നത്. തുടർന്നു 15 വർഷം നാഷണൽ ഇന്റർനാഷണൽ വേദികളിൽ ഇന്ത്യൻ ആർമിയെ പ്രതിനിധീകരിച്ചു. 110 മീറ്റർ ഹർഡിൽസായിരുന്നു ഇനം. അക്കാലത്ത് ഈ ഇനത്തിൽ ആർമിയിൽ റിക്കാർഡ് പ്രകടനം കാഴ്ചവച്ചിരുന്നു. പിന്നീട് പാട്യാലയിലെ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സ്‌പോർട്‌സിൽ നിന്നും കായികപരിശീലനത്തിൽ ഡിപ്ലോമ നേടി. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ആർമിയിൽ പരിശീലകനായി. സ്പ്രിന്റ്‌സും ഹർഡിൽസും പരിശീലിപ്പിച്ചു.
2010 യൂത്ത് ഒളിംപിക്‌സിൽ നാനൂറ് മീറ്റർ ഹർഡിൽസിൽ വെള്ളി നേടിയ ദുർഗേഷ്‌കുമാർപാലും 2018 ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടിയ 4X400 റിലേ ടീം അംഗമായിരുന്ന സരിത ഗായ്ക്വാഡ്ഡും ഉൾപ്പെടെ നൂറുകണക്കിനാളുകളെ അജിമോൻ പരിശീലിപ്പിച്ചിട്ടുണ്ട്. ഇതിനിടെ 5 വർഷത്തോളം ഇന്ത്യൻ ടീം പരിശീലകനായും സേവനമനുഷ്ഠിച്ചു.വിവിധ ശിഷ്യർക്കായി 1500ൽ പരം നാഷണൽ മെഡലുകളും 20ൽ പരം അന്തർദേശീയ മെഡലുകളും നേടിക്കൊടുക്കാൻ അജിമോന്റെ പരിശീലന മികവിന് കഴിഞ്ഞിട്ടുണ്ട്. കൂടാതെ 25 അന്തർദേശീയ താരങ്ങളെയും വാർത്തെടുക്കാൻ സാധിച്ചു.
2014 ൽ ആർമിയിൽ നിന്നും വിരമിച്ച ശേഷം അഞ്ചു വർഷം ഗുജറാത്തിൽ സർക്കാരിന്റെ വിദഗ്ദ പരിശീലകനായും സേവനമനുഷ്ഠിച്ചു. തുടർന്നു മലയാള നാട്ടിലേക്ക് മടങ്ങി. കഴിഞ്ഞ മാസമാണു പാലായിലെ സ്‌പോർട്‌സ് അക്കാദമിയിൽ പരിശീലകനായി എത്തിയത്. കൊവിഡ് മൂലം കാര്യമായ പരിശീലന പരിപാടികൾ തുടങ്ങിയിട്ടില്ല. തിരഞ്ഞെടുക്കപ്പെടുന്ന 10 മുതൽ 17 വയസുവരെയുള്ള കുട്ടികൾക്ക് തികച്ചും സൗജന്യമായാണ് പരിശീലനം ഒരുക്കുന്നത്. 2028ലെ ഒളിംപിക്‌സിലേക്ക് കായിക താരങ്ങളെ സജ്ജമാക്കുകയാണ് സ്‌പോർട്‌സ് അക്കാദമിയുടെ ലക്ഷ്യം.