നിർമ്മാണം അശാസ്ത്രീയം, അന്ധകാരത്തോട് കരകവിഞ്ഞു വീടുകളിൽ വെള്ലംകയറും
വൈക്കം : ഒരു മഴയേ വേണ്ടൂ... പിന്നെ മുട്ടറ്രം വെള്ളമായി. റോഡിലും വെള്ലം വീടുകളിലും വെള്ളം. അന്ധകാരത്തോടിന് സമീപത്തെ കുടുംബങ്ങൾ കഴിഞ്ഞ രണ്ട് വർഷമായി അത്രയേറെ ദുരിതമാണ് അനുഭവിക്കുന്നത്. അന്ധകാരത്തോടിന് കുറുകെ നീരൊഴുക്കിന് തടസമായി നിലകൊള്ളുന്ന വീതി കുറഞ്ഞ ആശാൻ കലുങ്കാണ് പ്രദേശത്തെയാകെ ദുരിതത്തിലാക്കുന്ന വെള്ളക്കെട്ടിന് കാരണമാകുന്നത്. ഈ സാഹചര്യത്തിൽ കലുങ്ക് പൊളിച്ചുമാറ്റി പുതിയ പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാണ്. ബോയ്‌സ് ഹൈസ്‌കൂൾ ആശ്രമം സ്‌കൂൾ റോഡിലാണ് വീതി കുറഞ്ഞ് അപകടാവസ്ഥയിലായ കലുങ്ക് സ്ഥിതി ചെയ്യുന്നത്. മഴക്കാലമായാൽ അന്ധകാരത്തോട് നിറഞ്ഞു കവിയുന്നത് പതിവാണ്. തോടിനു സമീപം താമസിക്കുന്ന നൂറുകണക്കിന് വീടുകളിലാണ് വെള്ളം കയറുന്നത്. ആശാൻ കലുങ്കിന്റെ അശാസ്ത്രീയമായ നിർമ്മാണമാണ് വെള്ളക്കെട്ടിന് കാരണമാമെന്ന് നാട്ടുകാർ പലവട്ടം ചൂണ്ടികാട്ടിയിരുന്നു. കലുങ്ക് പൊളിച്ചു പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് വാർഡ് കൗൺസിലർ അഡ്വ.അംബരീഷ്.ജി.വാസു പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന് നിവേദനം നൽകിയിരുന്നു. ഇതു സംബന്ധിച്ച് വൈക്കം നഗരസഭ കൗൺസിൽ യോഗം പ്രമേയവും പാസാക്കിയിരുന്നു. കഴിഞ്ഞ ദിവസം പി.ഡബ്ല്യു.ഡി ബ്രിഡ്ജ് വിഭാഗം അസി.എക്‌സിക്യൂട്ടീവ് എൻജിനീയർ സബീറും സംഘവും കലുങ്ക് സ്ഥിതി ചെയ്യുന്ന സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
നിവേദനത്തിൽ ചൂണ്ടികാട്ടിയത് ശരിയാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്ന് പി.ഡബ്ല്യു.ഡി അധികൃതർ അറിയിച്ചിട്ടുണ്ട്. പുതിയ പാലം നിർമ്മിക്കാൻ 33 ലക്ഷം രൂപയുടെ എസ്റ്റിമേറ്റും തയാറാക്കിയിട്ടുണ്ട്. ആശാൻ കലുങ്ക് പൊളിച്ചുമാറ്റി പുതിയ പാലം നിർമ്മിക്കുന്നതോടെ പ്രദേശത്തെ ദുരിതത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാകും.'
അഡ്വ. അംബരീഷ് ജി.വാസു
(നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ)