short-film
കട്ടപ്പന നഗരസഭ നടത്തിയ നടത്തിയ ഹ്രസ്വചിത്ര മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കീപ്പ് യുവര്‍ സിറ്റി ക്ലീന്‍ എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഉപഹാരം ഏറ്റുവാങ്ങുന്നു.

കട്ടപ്പന: കട്ടപ്പന നഗരസഭ സമ്പൂർണ ശുചിത്വ പദവിയിൽ. നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി പ്രഖ്യാപനം നടത്തി. കഴിഞ്ഞ അഞ്ചുവർഷം നഗരസഭയിൽ നടന്ന മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പദവിയിലേക്ക് ഉയർത്തിയത്. കളക്ടറുടെ നിർദേശപ്രകാരം ഹരിത കേരള മിഷൻ, ക്ലീൻ കേരള കമ്പനി പ്രതിനിധികൾ, ജില്ലാ ശുചിത്വ മിഷൻ കോഓർഡിനേറ്റർമാർ, കുടുംബശ്രീ ജില്ലാ മിഷൻ എന്നിവരടങ്ങുന്ന ജില്ലാതല ഏകോപന സമിതിയാണ് പരിശോധന നടത്തി ശിപാർശ ചെയ്തത്.
ഹൈറേഞ്ചിന്റെ വാണിജ്യ തലസ്ഥാനമായ കട്ടപ്പന പൊതു ശുചിത്വത്തിൽ മുൻപന്തിയിലാണ്. നഗരസഭയിലെ 34 വാർഡുകളിലും നഗരസഭാ ആരോഗ്യ വിഭാഗം ഹരിതകർമ സേന രൂപീകരിച്ച് മാലിന്യം ശേഖരിച്ചുവരുന്നു. ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ജൈവ മാലിന്യവും തിങ്കളാഴ്ചകളിൽ പ്ലാസ്റ്റിക്, പേപ്പർ തുടങ്ങിയവയും ശേഖരിക്കുന്നുണ്ട്. കൂടാതെ മാലിന്യ സംസ്‌കരണം സംബന്ധിച്ച ബോധവത്കരണ പരിപാടികൾ, സ്‌കൂൾകോളജ് വിദ്യാർഥികളെ അണിനിരത്തി സംഘടിപ്പിച്ച റാലികൾ, മാലിന്യം തരംതിരിച്ച് സംസ്‌കരിക്കൽ, പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ പിഴ ഈടാക്കൽ, നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുക്കൽ, തുടർ നടപടികൾ എന്നിവയും വിലയിരുത്തിയാണ് പദവിയിലേക്ക് ഉയർത്തിയത്.
സമ്പൂർണ ശുചിത്വ സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിനായി നഗരസഭാ ആരോഗ്യ വിഭാഗം
നടത്തിയ ഹ്രസ്വചിത്ര മത്സരത്തിൽ കട്ടപ്പന റെഡ് ഐ എന്റർടെയ്ൻമെന്റിന്റെ 'കീപ്പ് യുവർ സിറ്റി ക്ലീൻ' ഒന്നാം സ്ഥാനം നേടി. വിജയികൾക്ക് കാഷ് അവാർഡും ട്രോഫിയും വിതരണം ചെയ്തു.
ഹരിത കേരള മിഷൻ ജില്ലാ കോഓർഡിനേറ്റർ ഡോ. ജി.എസ്. മധു മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ഉപാദ്ധ്യക്ഷ ടെസി ജോർജ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ലീലാമ്മ ഗോപിനാഥ്, ബെന്നി കല്ലൂപ്പുരയിടം, എമിലി ചാക്കോ, മനോജ് മുരളി, റെജി കൊട്ടയ്ക്കാട്ട്, ഗിരീഷ് മാലിയിൽ, മഞ്ജു സതീഷ്, എൽസമ്മ കലയത്തിനാൽ, സിബി പാറപ്പായി, ലൂസി ജോയി, ബീന വിനോദ്, നഗരസഭ സെക്രട്ടറി മാമ്പള്ളി സന്തോഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു.