വഴിമുടക്കിയുളള വഴി പണി: നിരവധി കുടുംബങ്ങൾ ബുദ്ധിമുട്ടിൽ
പൊൻകുന്നം: പൊൻകുന്നം പുനലൂർ റോഡിന്റെ ഭാഗമായ പൊൻകുന്നം പ്ലാച്ചേരി റീച്ചിന്റെ വികസനപ്രവർത്തനത്തിൽ റോഡിന്റെ സംരക്ഷണഭിത്തി നിർമ്മിക്കുന്നതോടെ നിരവധി കുടുംബങ്ങൾക്ക് വഴിയില്ലാതാകുന്നതായി പരാതി.
തെക്കേത്തുകവല, ചെറുവള്ളി നേതാജി വായനശാല തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി വീടുകളിലുള്ളവർക്കാണ് റോഡിലേക്കും വീട്ടിലേക്കും കയറാനാവാത്ത അവസ്ഥയുള്ളത്. ഇതു സംബന്ധിച്ച് ഗ്രാമപഞ്ചായത്തംഗം ഷാജി പാമ്പൂരി കെ.എസ്.ടി.പി അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ വീട്ടുടമസ്ഥരോട് നേരിട്ട് പരാതി നല്കുവാൻ നിർദ്ദേശിച്ചു. ഇതിനെതുടർന്ന് കുന്നുംഭാഗത്തെ കെ.എസ്.ടി.പി ഓഫീസിൽ നേരിട്ടെത്തി പരാതി നൽകിയിട്ടും നടപടിയൊന്നുമായില്ല.
ചില വീടുകളുടെ മേൽക്കൂരയ്‌ക്കൊപ്പം സംരക്ഷണഭിത്തികെട്ടി പൊക്കിയിരിക്കുകയാണ്. റോഡിന്റെ സംരക്ഷണ ഭിത്തി നിർമ്മിക്കുമ്പോൾ വീട്ടിലേക്ക് ഇറങ്ങുവാൻ വഴിയില്ലാത്തവർക്ക് അടിയന്തിരമായി വഴി നൽകാൻ നടപടി സ്വീകരിക്കണമെന്ന് യൂത്ത് ഫ്രണ്ട്(എം) ചിറക്കടവ് മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. രാഹുൽ ബി.പിള്ള, ഷാജി പാമ്പൂരി, വിഴിക്കിത്തോട് ജയകുമാർ തുടങ്ങിയവർ സ്ഥലത്തെത്തി വീട്ടുകാരുമായി സംസാരിച്ചു. ഇവർ വിഷയം ഡോ.എൻ.ജയരാജ് എം.എൽ.എയെ ധരിപ്പിച്ചു. നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് വഴിയില്ലാതാകുന്നവർക്ക് വീടുകളിലേക്ക് ഇറങ്ങുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ചെയ്തു കൊടുക്കണമെന്ന് ഡോ.എൻ.ജയരാജ് കെ.എസ്.റ്റി.പി. അധികൃതരോടാവശ്യപ്പെട്ടു.
പ്രതിഷേധവുമായി യുവജനപക്ഷം
പൊൻകുന്നം: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ രണ്ടാം ഘട്ടമായ പൊൻകുന്നം പുനലൂർ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ ചെറുവള്ളി പടനിലം ഭാഗത്ത് ജനങ്ങൾ ബുദ്ധിമുട്ടനുഭവിക്കുന്ന പ്രശ്‌നത്തിൽ യുവജനപക്ഷം ഇടപെട്ടു.
പി.സി.ജോർജ് എം.എൽ.എയുടെ നിർദ്ദേശപ്രകാരം യുവജനപക്ഷം പ്രവർത്തകർ സ്ഥലത്തെത്തി നിർമ്മാണപ്രവർത്തനം തടഞ്ഞു.തുടർന്ന് അധികൃതരുമായി നടത്തിയ ചർച്ചയിൽ പ്രശനം പരിഹരിച്ചതായും നേതാക്കൾ പറഞ്ഞു.യുവജനപക്ഷം സംസ്ഥാന വൈസ് പ്രസിഡന്റ് പ്രവീൺ രാമചന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറി റെനീഷ് ചൂണ്ടച്ചേരി, ജില്ലാ പ്രസിഡന്റ് കൃഷ്ണരാജ് പായിക്കാട്ട്, നിയോജകമണ്ഡലം പ്രസിഡന്റ് ശാന്തികൃഷ്ണൻ അടുക്കോലിൽ, ഐസക് കടന്തോട്, അരുൺ കണിയാംപറമ്പിൽ, ജിതിൻ ജോസഫ്, മനേഷ് തമ്പാൻ, തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.