അടിമാലി: അടിമാലി മേഖലയിൽ കൊവിഡ് കേസുകളുടെ എണ്ണമേറി വരുന്ന സാഹചര്യത്തിൽ ഇന്നു മുതൽ ആറ് ദിവസത്തേക്ക് പഞ്ചായത്ത് പരിധിയിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനമായി. മുഴുവൻ പ്രദേശങ്ങളിലേയും ഹോട്ടലുകളും മെഡിക്കൽ സ്റ്റോറുകളും ഒഴികെയുള്ള വ്യാപാരസ്ഥാപനങ്ങൾ വൈകിട്ട് ആറു മണിവരെ മാത്രമെ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുകയുള്ളു.ഹോട്ടലുകളിൽ നിന്നും പാഴ്‌സലുകൾ മാത്രം ലഭ്യമാക്കും.രാത്രി 8 വരെ ഹോട്ടലുകൾക്ക് തുറന്നു പ്രവർത്തിക്കാം.രാത്രികാല തട്ടുകടകൾ തുറന്നു പ്രവർത്തിപ്പിക്കരുത്.ബേക്കറികൾ 6 മണിവരെ മാത്രമെ തുറന്നു പ്രവർത്തിപ്പിക്കാവു. കൊവിഡ് പ്രോട്ടോകോൾ ആളുകളും വ്യാപാരശാലകളും മറ്റിതര സ്ഥാപനങ്ങളും കർശനമായി പാലിക്കണം.മാസ്‌ക്ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും.വ്യാപാരസ്ഥാപനങ്ങളിൽ നിർബന്ധമായും കൈകൾ അണുവിമുക്തമാക്കാനുള്ള സൗകര്യം ഏർപ്പെടുത്തണം.നിബന്ധനകൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പൊലീസും ആരോഗ്യവകുപ്പും പരിശോധന കർശനമാക്കും.കൊവിഡ് പ്രോട്ടോകോളും ഇതരനിർദ്ദേശങ്ങളും ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കും.ടൗണിലെ അനധികൃത പാർക്കിംഗിനെതിരെയും മറ്റും പോലീസ് നിയമനടപടി സ്വീകരിക്കും.നിലവിൽ രോഗമുക്തമായതും ചികിത്സയിൽ ഉള്ളതുമായി 42 കൊവിഡ് കേസുകളാണ് ഇതുവരെ അടിമാലി പഞ്ചായത്ത് പരിധിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.