road


അടിമാലി: പ്രളയത്തിൽ തകർന്ന പാലം രണ്ട് വർഷമായി പുനർനിർമ്മിക്കുന്നതിൽ നടപടിയായില്ല..നിരവധി കുടുംബങ്ങൾ ആശ്രയിച്ച് വന്നിരുന്ന അടിമാലി ടൗണിലെ കുര്യൻസ്പടി അപ്‌സര ബൈപാസ് റോഡിലെ പാലമാണ് രണ്ട് വർഷമായി തകർന്ന് കിടക്കുന്നത്.വാഹന ഓട്ടം നിലച്ചതോടെ ഈ വഴി തന്നെ ഇല്ലാതാകുന്ന സാഹചര്യമാണുള്ളത്.ശക്തമായ വെള്ളമൊഴുക്കിൽ പാലത്തിന്റെ ഇരുവശത്തുമുള്ള കെട്ട് തകരുകയും മുകൾ ഭാഗത്ത് കുഴിരൂപം കൊണ്ടിരുന്നു. ഇതോടെ യാത്ര അസാദ്ധ്യമായി.അധികൃതർ ഇതുവഴിയുള്ള യാത്രക്ക് നിരോധനവും ഏർപ്പെടുത്തി.എന്നാൽ തുടർ നിർമ്മാണ ജോലികൾ ഒന്നും പിന്നീട് നടന്നിട്ടില്ലെന്ന് നാട്ടുകാർ പരാതി ഉന്നയിക്കുന്നു. പാലത്തിൽ വള്ളിപ്പടർപ്പുകൾ പടർന്ന് കയറിക്കൊണ്ടുമിരിക്കുന്നു.അപ്‌സരകുന്ന് ഭാഗത്തു നിന്നുള്ളവർക്ക് ടൗണിലെ സെന്റർ ജംഗ്ഷനിലെത്താതെ എളുപ്പത്തിൽ ബസ് സ്റ്റാൻഡ് ജംഗ്ഷൻ ഭാഗത്തേക്ക് എത്താൻ സഹായിച്ചിരുന്ന പാലമാണ് തകർന്ന് കിടക്കുന്നത്.സെന്റർ ജംഗ്ഷനിൽ ഏതെങ്കിലും വിധത്തിലുള്ള ഗതാഗതപ്രശ്‌നമുണ്ടായാൽ വാഹനങ്ങൾ വഴി തിരിച്ച് വിടാനും ഈ ബൈപ്പാസ് റോഡ് സഹായകരമായിരുന്നു.ഇടിഞ്ഞ് പോയ ഭാഗത്ത് സംരക്ഷണ ഭിത്തി നിർമ്മിച്ച് പാലം സഞ്ചാരയോഗ്യമാക്കാവുന്നതാണ്.പക്ഷെ പ്രാവർത്തികമാകുന്നില്ലെന്ന് മാത്രം.