കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ വ്യാജപാസ്റ്റർ അറസ്റ്റിൽ. ചങ്ങനാശേരി പെരുന്ന കാഞ്ഞിരത്തുംമൂട് ജയകുമാർ (53) ആണ് അറസ്റ്റിലായത്. മൂന്നു പേരുടെ പരാതിയിലാണ് ഇയാളെ ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഓസ്ട്രേലിയയിലും ന്യൂസിലന്റിലും കാനഡയിലുമടക്കം സഭയുടെ സ്ഥാപനങ്ങളിൽ ജോലിക്കാരെ ആവശ്യമുണ്ടെന്ന് പറഞ്ഞാണ് ഇയാൾ ആളുകളെ സ്വാധീനിച്ചത്. തുടർന്ന് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുകയായിരുന്നു. മൂന്ന് ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപാ വരെയാണ് ഇയാൾ ഓരോരുത്തരിൽ നിന്നും കൈക്കലാക്കിയത്. പറഞ്ഞിരുന്ന സമയത്ത് വിസ ലഭിക്കാതിരുന്നതോടെ തട്ടിപ്പിനിരയായവർ മൊബൈലിൽ വിളിച്ചപ്പോൾ എടുക്കാതെയായി. തുടർന്നാണ് തട്ടിപ്പിനിരയായ മൂന്നു പേർ ചിങ്ങവനം പൊലീസിൽ പരാതി നല്കുകയായിരുന്നു.
പരാതി നല്കിയതറിഞ്ഞ്ഇയാൾ സ്ഥലം വിടുകയായിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് ഇയാളെ അടൂരിന് സമീപം ഏനാത്തിൽ നിന്നാണ് ചിങ്ങവവനം എസ്.എച്ച്.ഒ ബിൻസ് ജോസഫ് അറസ്റ്റ് ചെയ്തത്. ഏനാത്ത് പുതുശ്ശേരി ഭാഗത്ത് സ്കറിയ പാസ്റ്ററുടെ വീട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പാസ്റ്ററുടെ പേരിലും പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഇയാൾ ഒളിവിൽ പോയതോടെ
പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.