amara

ചങ്ങനാശേരി: തൃക്കൊടിത്താനം പഞ്ചായത്തിലെ അമരയിൽ നിർമ്മാണം ആരംഭിച്ച ജലസംഭരണിയുടെ പണികൾ വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമാവുന്നു. രണ്ട് ലക്ഷം ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന ടാങ്കിന്റെ നിർമ്മാണം അമരയിലുള്ള പി.ആർ.ഡി.എസ് ആസ്ഥാനം മന്ദിരം വക സ്ഥലത്താണ് ഉയരുന്നത്. ഡിസംബർ അവസാനത്തോടെ ടാങ്കിന്റെ നിർമ്മാണം പൂർത്തിയാക്കാനാണ് ജല അതോറിറ്റി തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, നിലവിൽ നിർമ്മാണത്തിൽ പുരോഗതിയില്ലാത്തതാണ് പ്രദേശവാസികൾ ആവശ്യം ഉയർത്താനിടയാക്കിയത്. കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ ഇഴയുന്നതെന്ന് അധികൃതർ പറയുന്നു. അറുപതിനായിരം ലിറ്റർ സംഭരണിശേഷിയുള്ള ടാങ്ക് മുമ്പ് ഇവിടെയുണ്ടായിരുന്നു. ഈ ടാങ്കിന്റെ ശോച്യാവസ്ഥയെ തുടർന്ന് ടാങ്കിൽ വെള്ളം സംഭരിയ്ക്കുന്നില്ലായിരുന്നു. തുടർന്ന് പ്രദേശത്ത് ജലദൗർലഭ്യം വർദ്ധിച്ച സാഹചര്യത്തിലാണ് പുതിയ ടാങ്കിനുള്ള ആവശ്യം ഉയർന്നിരുന്നത്. തൃക്കൊടിത്താനം പഞ്ചായത്ത് 75 ലക്ഷം രൂപ വിനിയോഗിച്ചാണ് പഞ്ചായത്തിലെ 9,10,11,12 വാർഡുകളിലെ ശുദ്ധജലക്ഷാമപരിഹാരത്തിനായി സംഭരണി നിർമ്മിക്കുന്നത്. കറ്റോട് പദ്ധതിയുടെ ചെറുകരക്കുന്നിലുള്ള ജലസംഭരണിയിൽ നിന്ന് തൃക്കൊടിത്താനത്തുള്ള ബൂസ്റ്റിംഗ് സ്റ്റേഷനിൽ എത്തിച്ചാണ് നിർദിഷ്ട ജല സംഭരണിയിൽ ജലം എത്തിക്കുന്നത്.