വൈക്കം : പ്രതിസന്ധികളിൽ തകർന്നടിഞ്ഞ കയർ വ്യവസായം ഓട്ടോമാറ്റിക് സ്പിപിന്നിംഗ് മെഷീനുകളുടേയും ഡീഫൈബറിംഗ് മെഷീനുകളുടെയും സഹായത്തോടെ വീണ്ടും പ്രതാപകാലത്തിലേക്ക്. തൊണ്ട് അലിയിച്ചു തല്ലി ചകിരിയാക്കി റാട്ടുപുരകളിലെ പരിമിതമായ സൗകര്യങ്ങളിൽ അക്ഷീണ പ്രയത്‌നം നടത്തി പ്രതിവർഷം ഒരു ലക്ഷം ടൺ കയർ കേരളത്തിൽ ഉത്പാദിപ്പിച്ചിരുന്നു. അദ്ധ്വാനം കൂടുതലും വരുമാനം കുറവുമായതോടെ ഉപജീവനത്തിന് പലരും മറ്റുവഴികൾ തേടി. കയർ ഉത്പാദനം വർഷത്തിൽ 7000 ടണ്ണായി കുറഞ്ഞു. ആയിരക്കണക്കിനു കുടുംബങ്ങൾ ജീവിതം കരുപ്പിടിപ്പിച്ച കയർ വ്യവസായത്തെ തകർച്ചയിൽ നിന്ന് കരകയറ്റാൻ മന്ത്റി ഡോ.തോമസ് ഐസക്ക് നടപ്പാക്കിയ പരിഷ്‌കാരങ്ങളാണ് മേഖലയ്ക്ക് തുണയായത്.
ഡീഫൈബറിംഗ് - ഓട്ടോമാറ്റിക് സ്പിപിന്നിംഗ് മെഷീനുകൾ സാർവത്രികമാക്കി പ്രാദേശികമായി തൊണ്ട് സംഭരിച്ച് ചകിരി ഉത്പാദിപ്പിച്ചതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് അമിത വിലക്ക് ചകരിവാങ്ങിയിരുന്നത് നിലച്ചു. പൊള്ളാച്ചിയിൽ നിന്നും കമ്പത്തു നിന്നും കിലോയ്ക്ക് 30 രൂപയ്ക്ക് വാങ്ങിയിരുന്ന ചകിരിയുടെ വില ഇപ്പോൾ 19 രൂപയായി താണു. കയർ ഉത്പാദനം 7000 ടണ്ണിൽ നിന്ന് 40000 ടണ്ണായി ഉയർന്നു.
പ്രതീക്ഷയിൽ 'വൈക്കം കയർ"
ആഗോളതലത്തിൽ ആവശ്യക്കാരുണ്ടായിരുന്ന 'വൈക്കം കയറും' പ്രതീക്ഷയിലാണ്. വൈക്കത്തെ 43 കയർ സംഘങ്ങളിൽ 36 എണ്ണം ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ നേരേകടവ് ,അക്കരപ്പാടം, ചെമ്മനാകരി, ടി.വി പുരം, പറക്കാട്ട് കുളങ്ങര, വെച്ചൂർ, കാട്ടിക്കുന്ന് ,ചുങ്കം തുടങ്ങിയ കയർ സഹകരണ സംഘങ്ങളിൽ തൊണ്ടു തല്ലുന്നതിന് ഡീഫൈബറിംഗ് മെഷീനുകളുണ്ട്. ഓട്ടോമാറ്റിക് സ്പിസ്പിന്നിംഗ് മെഷിനുകളുള്ള ചെമ്മനാകരി,പറക്കാട്ടുകുളങ്ങര, വെച്ചൂർ, കയർ സംഘങ്ങളിൽ ഇപ്പോൾ 1000 ലധികം ക്വിന്റൽ കയർ ഉത്പാദിപ്പിക്കുന്നുണ്ട്.ഒരു എ.എസ്.എമ്മിന് 5 ലക്ഷം രൂപയാണ് വില. 500നും 1000 ക്വിന്റലിനും മദ്ധ്യേ കയർ ഉത്പാദിപ്പിക്കുന്ന 20 ലധികം കയർ സംഘങ്ങളും വൈക്കത്തുണ്ട്. ചകിരിയുടെ വില 20നും 24 മദ്ധ്യേനിൽക്കുമ്പോൾ എ.എസ് എമ്മിൽ നെയ്‌തെടുക്കുന്ന കയറിന് കിലോയ്ക്ക് 42 മുതൽ 48 വരെ വില ലഭിക്കുന്നു.
യന്ത്രത്തിലേക്ക് മാറി പുതുതലമുറ
ഫാക്ടറി സ്വഭാവം കയർ വ്യവസായത്തിന് കൈവന്നതോടെ പുതുതലമുറയും യന്ത്റങ്ങൾ പ്രവർത്തിപ്പിക്കാൻ പരിശീലനം നേടി തുടങ്ങി. ചേർത്തലയിൽ യന്ത്റസംവിധാനത്തിൽ സ്വകാര്യ സംരംഭകരുടെ യൂണിറ്റുകളിൽ രണ്ടു ഷിഫ്റ്റുകളിൽ തൊഴിലാളികൾ കയർപിരിക്കുന്നത് വ്യാപകമാകുകയാണ്.