yogam

ഉദയനാപുരം : ഇന്ത്യയിലെ ഏ​റ്റവും വലിയ കയർ വ്യവസായ കേന്ദ്രമെന്ന സ്ഥാനം കേരളം വീണ്ടെടുക്കുമെന്ന് ധനകാര്യ കയർവകുപ്പു മന്ത്റി ഡോ.തോമസ് ഐസക്ക് പറഞ്ഞു. ഉദയനാപുരം പടിഞ്ഞാറെക്കര വ്യവസായ സഹകരണ സംഘത്തിൽ ആട്ടോമാ​റ്റിക്‌ സ്പിന്നിംഗ് മെഷീൻ പ്രവർത്തനോദ്ഘാടനം വീഡിയോ കോൺഫ്രൻസിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കയർ ഉൽപാദനം ഒരു ലക്ഷം ടണ്ണായി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.കയർ തൊഴിലാളിക്ക് കുറഞ്ഞത് 500 രൂപയെങ്കിലും കൂലി ഉറപ്പാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്.തൊഴിലാളികളുടെ സ്ഥിതി മെച്ചപ്പെടുന്നതിന് പിന്നാലെ കയർ സഹകരണ സംഘങ്ങളിലെ ജീവനക്കാരുടെ വേതന വർദ്ധനവും സർക്കാർ പരിഗണിക്കുമെന്നും മന്ത്റി പറഞ്ഞു. സി.കെ.ആശ എം.എൽ.എ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കയർ സ്‌പെഷ്യൽ സെക്രട്ടറി എൻ.പത്മകുമാർ മുഖ്യപ്രഭാഷണം നടത്തി.കയർ വികസന ഡയറക്ടർ കെ.എസ്.പ്രദീപ്കുമാർ, ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് ഡി.സുനിൽകുമാർ, വൈക്കം കയർ പ്രോജക്ട് ഓഫിസർ സുധാവർമ്മ ,കേരള സ്​റ്റേ​റ്റ് കയർ മെഷിനറി മാനുഫാക്ചറിംഗ് കമ്പനി ചെയർമാൻ കെ.പ്രസാദ്, മാനേജിംഗ് ഡയറക്ടർ ശശീന്ദ്രൻ ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുലോചന പ്രഭാകരൻ കയർ സഹകരണ സംഘം പ്രസിഡന്റ് പി.കരുണാകരൻ തുടങ്ങിയവർ പങ്കെടുത്തു.