കോട്ടയം : സൈക്കിൾ ചവിട്ടെന്നത് 'കൊഴുപ്പുരുക്കൽ' കൂടിയായതോടെ തലവരമാറിയത് സൈക്കിൾ വിപണിയിലാണ്. മാറിയ ആരോഗ്യപരിപാലന ശീലം മൂലം കൊവിഡ് കാലത്തും അപ്രതീക്ഷിത കുതിപ്പുണ്ടായ സന്തോഷമാണ് സൈക്കിൾ വ്യാപാരികൾക്ക്. ലോക്ക് ഡൗണിന് ശേഷം ജില്ലയിൽ സൈക്കിൾ വില്പപ്പന ഇരട്ടിയിലേറെയായി.
ജിംനേഷ്യങ്ങൾ തുറന്നെങ്കിലും കൊവിഡ് ഭീതിയിൽ ആളുകൾ പോകാൻ മടിക്കുമ്പോഴാണ് ഫിറ്റ്നസ് പ്രേമികൾ സൈക്കിളിനൊപ്പം കൂടുന്നത്. താങ്ങാൻ പറ്റുന്ന വിലയും മറ്റുള്ളവരുമായി അടുത്തിടപഴകുന്നത് കുറവായതുമാണ് സൈക്കിളിംഗ് കൂടുതൽ ശ്രദ്ധയാകർഷിച്ചത്. ഉല്ലാസയാത്രയില്ലാതെയുള്ള മാനസിക സംഘർഷം കുറയ്ക്കാനും ഹൃദയസംബന്ധമായ അസുഖങ്ങൾക്കും സൈക്കിളിംഗ് വളരെ നല്ലതാണെന്ന് ആരോഗ്യവിദഗ്ദ്ധരും അവകാശപ്പെടുന്നു. ജീവിതശൈലീ രോഗങ്ങൾക്കുള്ള പ്രതിവിധികൂടിയാണ് സൈക്കിളിംഗ്. കൊവിഡ് ഭീതിയിൽ പൊതുഗതാഗതം ഉപയോഗിക്കാൻ മടിക്കുന്നവരും സൈക്കിൾ യാത്രയിലേക്ക് തിരിഞ്ഞു. പെട്രോൾ വില ദിനംപ്രതി വർദ്ധിക്കുന്നതും സൈക്കിൾ വില്പന വർദ്ധിക്കാൻ കാരണമായി.
ഗുണമേറെയുണ്ട്
കടയിൽ പോയി ഏതെങ്കിലുമൊരു സൈക്കിൾ വാങ്ങുന്ന രീതിയല്ല ഇപ്പോൾ. വിശദമായി പഠിച്ച് ആവശ്യാനുസരണമാണ് മോഡൽ തിരഞ്ഞെടുക്കുന്നത്. സാധാരണക്കാർ മുതൽ സെലിബ്രിറ്റികൾ വരെ ഇക്കൂട്ടത്തിലുണ്ട്. സൈക്കിളിംഗിലൂടെ ശരീര ഭാരം കുറയ്ക്കുന്ന സൈക്കിളിംഗ് ചലഞ്ചുമിപ്പോൾ ഹിറ്റാകുന്നുണ്ട്.
'സുരക്ഷയേറിയ യാത്രാമാർഗവും വ്യായാമവും ഒരപോലെ ഉറപ്പുനൽകുന്നതിനാലാണ് സൈക്കിൾ ആവശ്യക്കാരുടെ എണ്ണം കൂടുന്നത്. സ്കൂൾ തുറക്കാത്തതിനാൽ വിപണിയിൽ മാന്ദ്യം ഉണ്ടാകുമെന്നാണ് കുരുതിയത് എന്നാൽ വ്യായാമമെന്ന നിലയിൽ സൈക്കിളിംഗ് തിരഞ്ഞെടുക്കുന്നവരാണ് അധികവും
ജോസഫ് കെ.കെ,
സൈക്കിൾ വ്യാപാരി
''ലോക്ക് ഡൗണിലാണ് സൈക്കിൾ ചവിട്ടൽ തുടങ്ങിയത്. ഇപ്പോഴത് ശീലമാക്കി. ജിം അടച്ചപ്പോൾ പ്രധാന വ്യായാമമുറ സൈക്കിൾ ചവിട്ടലായിരുന്നു. വീട്ടുമുറ്റത്തും പരിസരത്തും ഒന്നര മണിക്കൂർ വരെ സൈക്കിൾ ചവിട്ടി. സ്പോർട്സ് സൈക്കിളാണ് ഉപയോഗിക്കുന്നത്''
വിശാൽ വി.കെ, മണിമല
സൈക്കിൾ വില: 4500- 40,000 രൂപ