വൈക്കം: വേനലിൽ ടി.വി പുരംകാർക്ക് ശുദ്ധജലക്ഷാമത്തിനായി ഇനി അലയേണ്ട. ടി.വി പുരം ഗ്രാമപഞ്ചായത്തിൽ പണികഴിപ്പിച്ച പുതിയ വാട്ടർ ടാങ്കിന്റെ ഉദ്ഘാടനം 22ന് വൈകിട്ട് 4ന് സി.കെ ആശ എം.എൽ.എ നിർവഹിക്കും. ടി.വി.പുരം ഗ്രാമപഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങൾക്കും കുടിവെള്ളമെത്തിക്കുവാൻ ആവിഷ്‌ക്കരിച്ച ബൃഹദ് പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചതാണ് വാട്ടർ ടാങ്ക്. 5-ാം വാർഡിലെ ചേരിക്കൽ ഭാഗത്ത് നിർമ്മിച്ച ടാങ്കിന് നാല് ലക്ഷത്തി ഇരുപതിനായിരം ലിറ്റർ സംഭരണ ശേഷിയാണുള്ളത്. മെയിൻ ലൈനിലൂടെ വെള്ളം ഈ ടാങ്കിൽ എത്തിച്ചശേഷം വിതരണ ലൈനിലൂടെ ആളുകൾക്ക് ലഭ്യമാകും. പഞ്ചായത്തിലുടനീളം കുടിവെള്ള വിതരണത്തിനുള്ള പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് 10 കോടി 35 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ടെണ്ടർ നടപടി പൂർത്തിയാക്കി ഉടൻ തന്നെ ജോലികൾ ആരംഭിക്കുമെന്ന് എം.എൽ.എ അറിയിച്ചു. മൂന്നു വശവും വെള്ളത്താൽ ചുറ്റപ്പെട്ട ഗ്രാമപഞ്ചായത്തിന്റെ അടിസ്ഥാനപ്രശ്‌നങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ശുദ്ധജലക്ഷാമമാണ്. ഇപ്പോൾ പൂർത്തിയാക്കിയിട്ടുള്ള ടാങ്കിൽ നിന്നും ജലവിതരണം ആരംഭിക്കുന്നതോടെ ശുദ്ധജലക്ഷാമത്തിന് പൂർണ്ണമായും പരിഹാരമാകും. വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച പറക്കാട്ടുകുളം ,പടിക്കൽകുളം എന്നിവിടങ്ങളിലെ ടാങ്കുകളിൽ നിന്നാണ് നിലവിൽ ജലവിതരണം നടക്കുന്നത്. ജനസാന്ദ്രത കൂടിയ ടി.വി.പുരം ഗ്രാമപഞ്ചായത്തിൽ പുതിയ ടാങ്ക് പ്രവർത്തനസജ്ജമാകുന്നതോടെ എല്ലാ പ്രദേശങ്ങളിലും കുടിവെള്ളമെത്തിക്കാനാകുമെന്നും സി.കെ.ആശ.എം.എൽ.എ പറഞ്ഞു.