manarcad

കോട്ടയം: കേരളത്തിലെ വേളാങ്കണ്ണി എന്ന് വിശേഷിക്കപ്പെടുന്ന മണർകാട് സെന്റ് മേരീസ് പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് സഭയ്ക്ക് നൽകാനുള്ള നീക്കം ക്രമസമാധാന പ്രശ്നമാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. രണ്ടായിരത്തോളം യാക്കാബായ വിശ്വാസികളാണ് പള്ളിയ്ക്ക് കീഴിലുള്ളത്. ഓർത്തഡോക്സ് വിശ്വാസികൾ വിരലിലെണ്ണാവുന്നവരും. കോടികളുടെ വരുമാനമുള്ള പള്ളി ന്യൂനപക്ഷത്തിന് വിട്ടുകൊടുക്കാനാവില്ലെന്ന കടുത്ത നിലപാടിലാണ് വിശ്വാസികൾ. ജില്ലാ ഭരണകൂടം പള്ളി ഏറ്റെടുക്കണമെന്നാണ് കോട്ടയം സബ് കോടതി ഉത്തരവ്. രക്തച്ചൊരിച്ചിലില്ലാതെ പള്ളി കൈമാറ്റം നടത്തുക ശ്രമകരമെന്നാണ് വിലയിരുത്തൽ.

നാനാജാതി മതസ്ഥരായ വിശ്വാസികൾ മണർകാട് പള്ളിയിലെ പ്രസിദ്ധമായ എട്ടുനോമ്പിന് എത്താറുണ്ട്. എട്ടാം ദിവസം മറിയത്തിന്റെയും ഉണ്ണിയുടെയും ഛായാചിത്രം പ്രദർശിപ്പിക്കുന്ന നടതുറക്കലിന് മാത്രം ലക്ഷങ്ങളാണ് എത്തുന്നത്.

വിധി നിർഭാഗ്യകരം

കോടതി വിധി നിർഭാഗ്യകരമായിപ്പോയെന്ന് യാക്കോബായ സഭ വൈദിക ട്രസ്റ്റി സ്ലീബാ വട്ടവേലിൽ പ്രതികരിച്ചു. യാക്കോബായ സഭയുടെ കൈവശമിരിക്കുന്ന പള്ളിയാണ്. മറുവിഭാഗക്കാർ ഒരാൾ പോലുമില്ല. ഇടവകക്കാർ പോലുമില്ലാത്ത ഓർത്തഡോക്സുകാർ പള്ളിയ്ക്ക് അവകാശം കൊണ്ടുവരുന്നത് നീതിയും ധർമ്മവുമല്ലെന്നും അദ്ദേഹം പറഞ്ഞു.

കോടികളുടെ വരുമാനം

മലങ്കര സഭയ്ക്ക് കീഴിലുള്ള പള്ളികളുടെ ഭരണം 1934-ലെ ഭരണഘടന അനുസരിച്ച് വേണം നടത്തേണ്ടതെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ്, ആലുവ തൃക്കുന്നത്ത് സെമിനാരി , പിറവം പള്ളി തുടങ്ങിയവയുടെ ഭരണാധികാരം ഓർത്തോഡോക്‌സ് സഭ നേടിയിരുന്നു. കോടികളുടെ വരുമാനമാണ് മണർകാട് പള്ളിയ്ക്ക് കീഴിലുള്ളത്. ഇത് ഓർത്തഡോക്സ് സഭയ്ക്ക് ലഭിക്കുമെന്നതും യാക്കോബായ സഭയ്ക്ക് ഉൾക്കൊള്ളാനാകുന്നില്ല.