കുറവിലങ്ങാട് : ഞീഴൂർ കേന്ദ്രമായി കാട്ടാമ്പാക്ക് ഹെൽത്ത് സെന്ററിന്റെ സബ് സെന്റർ അനുവദിക്കണമെന്ന് ഞീഴൂർ കേളി ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് ആവശ്യപ്പെട്ടു. ഞീഴൂർ പഞ്ചായത്തിലെ ഏക ആരോഗ്യ കേന്ദ്രം കാട്ടാംപാക്ക് പബ്ലിക് ഹെൽത്ത് സെന്ററാണ്. ഞീഴൂർ പഞ്ചായത്ത് എട്ടാം വാർഡിൽ കുന്നിൻമുകളിൽ സ്ഥിതിചെയ്യുന്ന ആരോഗ്യ കേന്ദ്രത്തിൽ മരങ്ങോലി, വടക്കേനിരപ്പ്, ഭജനമഠം, വിശ്വഭാരതി, വാക്കാട്, മാണികാവ്, പാറശ്ശേരി, ശാന്തിപുരം, ഞീഴൂർ പ്രദേശങ്ങളിൽ നിന്നും ഉള്ളവർക്ക് എത്തിച്ചേരാൻ മാർഗമില്ല. ഇവർക്ക് കാട്ടാമ്പാക്ക് ആരോഗ്യ കേന്ദ്രത്തിൽ പോകണമെങ്കിൽ കുറവിലങ്ങാടോ കടുത്തുരുത്തിയിലോ എത്തണം. ഇതുവഴി യാത്രാവാഹനങ്ങളുടെ എണ്ണവും വളരെ കുറവാണ്. ഉണ്ടായിരുന്ന ഏക കെ.എസ്.ആർ.റ്റി.സി ബസും ഇപ്പോൾ സർവീസ് നടത്തുന്നില്ല. ഞീഴൂർ പഞ്ചായത്തിലുള്ളവർ ചികിത്സയ്ക്കായി ഇപ്പോൾ ആശ്രയിക്കുന്നത് കുറവിലങ്ങാട്, കടുത്തുരുത്തി, ഇലഞ്ഞി തുടങ്ങിയ സ്ഥലങ്ങളെയാണ്. ഈ സാഹചര്യത്തിലാണ് കാട്ടാമ്പാക്ക് പി.എച്ച്.സി യുടെ സബ് സെന്റർ ഞീഴൂരിൽ പ്രവർത്തനം അനുവദിക്കണമെന്ന ആവശ്യം ശക്തമായത്. ഈ ആവശ്യം ഉന്നയിച്ച് ഗ്രാമപഞ്ചായത്തിനും ആരോഗ്യ വകുപ്പിനും നിരവധി പരാതികൾ ലഭിച്ചിരുന്നു. സബ് സെന്റർ പ്രവർത്തിക്കുന്നതിന് ആവശ്യമായ വാടക കെട്ടിടവും പ്രദേശത്ത് ഉറപ്പാക്കിയിട്ടുണ്ട്. കെട്ടിടഉടമയിൽനിന്നുള്ള സമ്മതപത്രവും ഞീഴൂർ ഗ്രാമപഞ്ചായത്തിന്റെ അനുകൂലമായ കമ്മിറ്റി തീരുമാനവും ക്ലബിന്റെ കൈവശമുണ്ട്. വിഷയത്തിൽ അനുകൂലനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മോൻസ് ജോസഫ് എം.എൽ.എ ജില്ലാ മെഡിക്കൽ ഓഫീസർക്ക് കത്ത് നൽകിയിരുന്നു.
ഞീഴൂരിലെ സാധാരണക്കാരായ ജനങ്ങൾക്ക് വളരെയധികം ഉപകാരപ്രദമാകുന്ന സബ് സെന്ററിന്റെ കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തരനടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.'
കേളി ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് പ്രസിഡന്റ് കെ.കെ. സച്ചിദാനന്ദൻ