അടിമാലി: അടിമാലി ബസ് സ്റ്റാൻഡിൽ പ്രവർത്തിച്ച് വരുന്ന മലഞ്ചരക്ക് കടയിൽ നിന്ന് 75000 രൂപയുടെ മലഞ്ചരക്ക് സാധനങ്ങൾ മോഷണം പോയി. മച്ചിപ്ലാവ് സ്വദേശികളായ പാലമറ്റത്ത് പുത്തൻപുര ഗിരീഷ്, മുതൂറ്റ് സന്തോഷ് എന്നിവരുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന കടയിലാണ് വെള്ളിയാഴ്ച രാത്രിയിൽ മോഷണം നടന്നത്. കുരുമുളക്, ജാതിപത്രി, ഏലക്ക എന്നിവയടക്കമുള്ള സാധനങ്ങൾ മോഷണം പോയത്. സ്ഥാപനത്തിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയത്. കടയുടമകൾ അടിമാലി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മോഷ്ടാക്കളുടെ ചില ദൃശ്യങ്ങൾ സമീപത്തെ സി.സി ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അടിമാലി പൊലീസ് അറിയിച്ചു.