പാലാ-പൊൻകുന്നം റോഡിൽ ഒൻപത് മാസത്തിനിടെ പൊലിഞ്ഞത് ഒൻപത് ജീവനുകൾ
പാലാ : വീണ്ടും കുരുതിക്കളമായി പാലാ-പൊൻകുന്നം റോഡ്. ഇന്നലെ രാവിലെ 8.15 ഓടെ പൂവരണി പള്ളിക്കും പച്ചാത്തോടിനും സമീപം കാറും നാഷണൽ പെർമിറ്റ് ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കളുടെ ജീവൻ പൊലിഞ്ഞതാണ് അപകട പരമ്പരയിൽ അവസാനത്തേത്. ഉപ്പുതറ ചപ്പാത്ത് കൊച്ചുചെരുവിൽ സന്ദീപ് വിജയൻ (31), വെങ്ങല്ലൂർ ഉറുമ്പിൽ വിഷ്ണു വിജയൻ (26) എന്നിവരാണ് മരിച്ചത്. ചാപ്പാത്ത് തേനാട്ട് ലിജു ബാബുവിന് അപകടത്തിൽ സാരമായ പരുക്കേറ്റു കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കനത്ത മഴയും അപകത്തിന് കാരണമായി പറയുന്നു. റോഡിന്റെ അശാസ്ത്രീയതയും മിനസവുമാണ് വില്ലനായത്.
മൂവാറ്റുപുഴ പുനലൂർ സംസ്ഥാന പാതയുടെ ഭാഗമായ പാലാ പൊൻകുന്നം റോഡിൽ കഴിഞ്ഞ 9 മാസത്തിനിടെ പൊലിഞ്ഞത് 9 ജീവനുകളാണ്. കഴിഞ്ഞ ജനുവരി മുതൽ സെപ്തംബർ വരെയുള്ള കണക്കാണിത്. ഈ കാലയളവിൽ ചെറുതും വലുതമായ 24 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 28 പേർക്ക് പരുക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ജൂൺ-ജൂലായ് മാസത്തിലാണ് ഏറ്റവും കൂടുതൽ അപകടമുണ്ടായത്. 12 അപകടങ്ങൾ. മെയ് മാസത്തിൽ 3 അപകടങ്ങൾ റിപ്പോർട്ട് ചെയ്തതായി പൊലീസ് ഗതാഗതവകുപ്പ് അധികൃതർ പറയുന്നു.
മരണപ്പാച്ചിൽ
വീതിയേറിയ റോഡിൽ 100 കിലോമീറ്ററിലേറെ വേഗത്തിലാണ് മിക്ക വാഹനങ്ങളും പായുന്നത്. മിനുസമേറിയ റോഡിൽ വാഹനങ്ങൾക്ക് ബേക്ക് കിട്ടാതെ വരുന്നതും അപകടത്തിനിടയാക്കുന്നു. മഴക്കാലമായതോടെ വാഹനങ്ങൾ റോഡിൽ നിന്ന് തെന്നിമാറുന്ന സംഭവങ്ങളും നിരവധിയാണ്. വേഗനിയന്ത്രണ സംവിധാനങ്ങളും ഇല്ല. കാലങ്ങളായി പൊലീസിന്റെയോ വാഹനവകുപ്പിന്റെയോ പരിശോധനകൾ ഇല്ലാത്തത് അതിവേഗക്കാർക്ക് പ്രോത്സാഹനമാകുന്നു.
ശബരിമല തീർത്ഥാടനത്തിലെ ഏറ്റവും പ്രധാന പാതയാണിത്. ഈ കാലയളവിലാണ് ഏറെ അപകടങ്ങൾ രേഖപ്പെടുത്തുന്നത്. മുമ്പ് 45 മിനിട്ട് വേണ്ടിയിരുന്ന പാലാ പൊൻകുന്നം യാത്രയ്ക്ക് റോഡ് പൂർത്തിയായതോടെ 20 മിനിട്ട് മാത്രം മതി. അപകടങ്ങൾ പതിവായതോടെ റോഡിനെ റെഡ്‌സോണിൽ ഉൾപെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ റോഡ് സുരക്ഷാ അതോറിട്ടി ഉദ്യോഗസ്ഥർ അടുത്തദിവസം അപകടസ്ഥലങ്ങൾ സന്ദർശിച്ച് റിപ്പോർട്ട് നൽകും. ഹൈവേയുടെ വശങ്ങൾ കാട് വളർന്ന് പലഭാഗത്തും കാഴ്ച മറക്കുന്നതായും ആക്ഷേപമുണ്ട്. വാഴേമഠം ഭാഗം മുതൽ കാട്ടുപൊന്തകൾ വളർന്ന് നിൽക്കുന്ന അവസ്ഥയാണ്.
അപകടമേഖലകൾ
പൂവരണി പച്ചാത്തോട് മേഖല, പൈക എലിക്കുളം മേഖല, ഇളംങ്ങുളം, അട്ടിക്കൽ, കടയം