കട്ടപ്പന: കട്ടപ്പന നഗരസഭ സമ്പൂർണ ശുചിത്വ പദവിയിലേക്ക് ഉയർന്നിട്ടും നഗരത്തിലെ മാലിന്യ സംസ്‌കരണം പാളുന്നതായി വ്യാപാരി വ്യവസായി ഏകോപന സമിതി. പുളിയൻമലയിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ സ്ഥാപിച്ച ഇൻസുലേറ്റർ പ്രവർത്തിപ്പിക്കാൻ കഴിയാത്തത് ഭരണ പ്രതിപക്ഷ അംഗങ്ങളുടെ തർക്കം മൂലമാണെന്നും ഭാരവാഹികൾ ആരോപിച്ചു. ഇതുസംബന്ധിച്ച് നഗരസഭയ്ക്ക് പരാതി നൽകി. വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യം യഥാസമയം നീക്കം ചെയ്യാത്തത് പൊതുജനങ്ങൾക്കും ബുദ്ധിമുട്ടാകുന്നു. നഗരസഭയുടെ മാലിന്യ നിർമാർജന പദ്ധതി പ്രകാരം ഫീസ് നൽകി രജിസ്റ്റർ ചെയ്തിട്ടും മാലിന്യം ശേഖരിക്കാത്തത് പ്രതിഷേധാർഹമാണ്. കട്ടപ്പനയിലെ വ്യാപാര സമൂഹത്തെ ദ്രോഹിക്കുന്ന സമീപനമാണ് ആരോഗ്യ വിഭാഗത്തിനെന്നും ഭാരവാഹികൾ ആരോപിച്ചു.