കോട്ടയം: പായിപ്പാട്ട് അന്യ സംസ്ഥാന തൊഴിലാളികൾ ലോക്ക് ഡൗൺ ലംഘിച്ച് തെരുവിലിറങ്ങി പ്രതിഷേധിച്ച സംഭവത്തിന്റെ അന്വേഷണം എങ്ങുമെത്തിയില്ല. തൊഴിലാളികളെ സംഘടിപ്പിച്ചതും രംഗത്തിറക്കിയതും ബാഹ്യ ശക്തികളാണെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാൽ, കേസ് അന്വേഷിച്ച ജില്ലാ പൊലീസ് ഒരു തൊഴിലാളിയെ അറസ്റ്റ് ചെയ്‌ത് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. പെരുമ്പാവൂരിൽ അന്യ സംസ്ഥാന തൊഴിലാളികൾക്കിടയിൽ നുഴഞ്ഞു കയറിയ തീവ്രവാദികളെ പിടികൂടിയതോടെയാണ് പായിപ്പാട് വീണ്ടും ചർച്ചയായത്.
മാർച്ച് 29 നാണ് നൂറിലേറെ വരുന്ന അന്യ സംസ്ഥാന തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ഇവരെ പൊലീസ് ലാത്തിച്ചാർജ് ചെയ്‌താണ് പിരിച്ചു വിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ സ്വദേശി മുഹമ്മദ് റിഞ്ചുവിനെ മാത്രമാണ് അറസ്റ്റ് ചെയ്‌തത്. തൊഴിലാളികളെ ഇളക്കി വിട്ട് കലാപം സൃഷ്‌ടിക്കലായിരുന്നു ലക്ഷ്യമെന്നായിരുന്നു പ്രചാരണം. എന്നാൽ, ഇതൊന്നും അന്വേഷണത്തിന്റെ ഭാഗമായില്ല. ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നിർദേശാനുസരണം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥിയാണ് കേസ് അന്വേഷിക്കുന്നത്.
ആറു മാസം കഴിഞ്ഞിട്ടും അന്വേഷണം പൂർത്തിയാക്കിയിട്ടില്ല. ഇത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.