കറുകച്ചാൽ: ആർത്തവ സമയത്ത് സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരവുമായി വാഴൂർ ഗ്രാമപ്പഞ്ചായത്ത്. സംസ്ഥാനത്ത് ആദ്യമായി വനിതാ ക്ഷേമ പദ്ധതിയിൽ ഉൾപ്പെടുത്തി മെൻസ്ട്രുവൽ കപ്പുകൾ വിതരണം ചെയ്യാൻ പദ്ധതി തയ്യാറാക്കി. സാനിറ്ററി പാഡുകൾക്ക് പകരമായി സ്ത്രീകൾ ഉപയോഗിക്കുന്ന മെൻസ്ട്രുവൽ കപ്പ് എന്ന നവീന ആശയം സാധാരണക്കാരായ സ്ത്രീകളിൽ എത്തിക്കുകയാണ് ലക്ഷ്യം. 2020-21 വാർഷിക പദ്ധതിയിലാണ് തുടക്കം കുറിക്കുന്നത്. പാഡിന് പകരമായി ഉപയോഗിക്കാവുന്ന കപ്പുകൾ പത്തുവർഷത്തോളം കഴുകി ഉപയോഗിക്കാം. ആദ്യ ഘട്ടത്തിൽ പഞ്ചായത്തിലെ 400 സത്രീകൾക്കാണ് കപ്പുകൾ വിതരണം ചെയ്യുന്നത്. ബോധവത്കരണത്തിനും വിതരണത്തിനുമായി രണ്ടുലക്ഷം രൂപയോളമാണ് ചെലവഴിക്കുന്നത്. 2018-19-ൽ തിരുവനന്തപുരം സഖി വിമൻസ് സെന്ററിന്റെ നേതൃത്വത്തിൽ വാഴൂരിൽ സ്ത്രീ പദവി പഠനം നടത്തിയിരുന്നു. കോ ഒാർഡിനേറ്റർ ജി.രജിത, ഐ.സി.ഡി.എസ്.സൂപ്പർവൈസർ അനു മാത്യു, ജെയ്മി ജേക്കബ് എന്നിവർ കുടുംബശ്രീയുടെ സഹകരണത്തോടെയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മെൻസ്ട്രുവൽ കപ്പ് എന്ന ആശയം പ്രചരിപ്പിക്കാൻ പഞ്ചായത്ത് ഭരണസമിതി മുന്നിട്ടിറങ്ങുന്നത്. പഞ്ചായത്ത് പ്രസിഡന്റ് എസ്.പുഷ്‌കലാദേവി, കോട്ടയം ജില്ലാ ആശുപത്രി ആർ.എം.എ. ഡോ.ഭാഗ്യശ്രീ, കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി ഗൈനോക്കോളജിസ്റ്റ് ഡോ.അരുൺകുമാർ എന്നിവരുടെ സഹകരണത്തോടെ പഞ്ചായത്തിലുടനീളം സ്ത്രീകൾക്കായി ബോധവത്കരണ പരിപാടികൾ ഒരുക്കും. സംസ്ഥാനത്ത് ആദ്യമായി പദ്ധതി തുക ഉപയോഗിച്ച് മെൻട്രുവൽ കപ്പ് വിതരണം ചെയ്യുന്നു എന്നതാണ് പദ്ധതിയുടെ പ്രത്യേകത.