തൊടുപുഴ: ലോകാരാദ്ധ്യനായ ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ഇന്ന് ലോകമെങ്ങും ഭക്ത്യാദരപൂർവ്വം ആചരിക്കുകയാണ്. കൊവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ മുൻവർഷങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ഥമായാണ് ചടങ്ങുകൾ നടത്തുന്നത്. ഒത്തുചേരലുകൾ പരമാവധി ഒഴിവാക്കി ഗുരുദേവ വിശ്വാസികൾ ഭവനങ്ങളിൽ പ്രാർത്ഥനയും ഗുരുക്ഷേത്രങ്ങളിലുൾപ്പടെയുള്ള ആത്മീയ കേന്ദ്രങ്ങളിലും വിശേഷാൽ പൂജകളിലും വഴിപാടുകളിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തും. ജില്ലയിലെ വിവിധ എസ്. എൻ. ഡി. പി യൂണിയനുകളുടെ കീഴിലുള്ള ശാഖായോഗങ്ങളും ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങളും ഇന്ന് പരിമിതമായ ചടങ്ങുകളോടെ ഗുരുദേവന്റെ സമാധി ആചരിക്കും.

കട്ടപ്പന: എസ്.എൻ.ഡി.പി. യോഗം മലനാട് യൂണിയനിൽ ശ്രീനാരായാണ ഗുരുദേവ മഹാസമാധി ദിനം വിവിധ പരിപാടികളോടെ ആചരിക്കും. ശ്രീനാരായണീയ ഭവനങ്ങളിൽ കുടുംബാംഗങ്ങൾ ഒത്തുചേർന്ന് പ്രാർത്ഥനകളിൽ പങ്കുചേരും. കട്ടപ്പനയിലെ ഗുരുദേവ കീർത്തി സ്തംഭത്തിൽ രാവിലെ ആറിന് വിശേഷാൽ പൂജകളോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് ഗുരുദേവ കൃതികളുടെ പാരായണവും പ്രത്യേക പ്രാർഥനകളും ദൈവദശകം ആലാപനവും വൈകിട്ട് ദീപാരാധനയും നടക്കും. മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ, സെക്രട്ടറി വിനോദ് ഉത്തമൻ, വൈസ് പ്രസിഡന്റ് വിധു എ.സോമൻ, യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ അഡ്വ. പി.ആർ. മുരളീധരൻ, ബോർഡ് അംഗം ഷാജി പുള്ളോലിൽ തുടങ്ങിയവർ പങ്കെടുക്കും.
യൂണിയനു കീഴിലെ മുഴുവൻ ഭവനങ്ങളിലും രാവിലെ ഏഴിന് കുടുംബാംഗങ്ങൾ തിരി തെളിച്ച് ഗുരുദേവ കൃതികളും ദൈവദശകവും പാരായണം ചെയ്യും. ഗുരുദേവന്റെ സമാധി സമയമായ 3.30ന് വീടുകളിൽ പ്രാർഥനകളും നടത്തും. കൂടാതെ യൂണിയനിലെ 38 ശാഖായോഗങ്ങളിലെ ഗുരുദേവ ക്ഷേത്രങ്ങളിലും ഗുരുദേവ കൃതികളുടെ പാരായണവും പ്രാർഥനകളും നടക്കും.