പൊൻകുന്നം: എലിക്കുളം പഞ്ചായത്തിലെ ഏഴാംവാർഡ് കണ്ടെയ്ൻമെന്റ് സോണാക്കി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പനമറ്റം നാലാംമൈൽ കവലയിലെ പനമറ്റം റോഡും കൂരാലിയിൽ നിന്നും പനമറ്റത്തേക്കുള്ള റോഡും മജീദ് കവലയിലും ബാരിക്കേഡുകൾ സ്ഥാപിച്ച് ഗതാഗതം നിരോധിച്ചു. പനമറ്റം മേഖലയിൽ 13 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി.
13ന് പനമറ്റത്ത് നടന്ന വിവാഹച്ചടങ്ങിൽ പങ്കെടുത്തവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിവാഹവീട്ടിലെ അംഗങ്ങൾക്കും രോഗബാധയുണ്ട്. വിവാഹച്ചടങ്ങിലും തലേദിവസത്തെ ചടങ്ങുകളിലും പങ്കെടുത്തവരോട് പരിശോധനയ്ക്ക് വിധേയരാകണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. ചൊവ്വാഴ്ച പൈക സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കൊവിഡ് ആന്റിജൻ പരിശോധന നടത്തും.
കൊവിഡ് പശ്ചാത്തലത്തിൽ പ്രദേശത്ത് ആളുകൾ പങ്കെടുക്കുന്ന പരിപാടികൾ ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ നിർദേശിച്ചു. അടുത്തിടെ പൊതുചടങ്ങുകളും ആഘോഷങ്ങളും നിബന്ധനകൾ പാലിക്കാതെ എലിക്കുളം മേഖലയിൽ നടക്കുന്നുണ്ട്.