sndp

കോട്ടയം: കൊവിഡിന്റെ പശ്ചാത്തലത്തിൽ ഗുരുദേവ സമാധി ദിനാചരണം വീടുകളിലും ഗുരുദേവക്ഷേത്രങ്ങളിലും ലളിതമായ ചടങ്ങുകളോടെ ആചരിക്കും. വിവിധ ഗുരുദേവക്ഷേത്രങ്ങളിലും വീടുകളിലും ഉപവാസ പ്രാർത്ഥനയും പൂജകളും നടക്കും. നാഗമ്പടം മഹാദേവ ക്ഷേത്രത്തിൽ സമാധി ദിനാചരണത്തിന്റെ ഭാഗമായി
ക്ഷേത്ര പൂജകൾ നടക്കും. നിയന്ത്രണങ്ങളോടെയാണ് ഭക്തർക്ക് ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടാകുക. രാവിലെ 5 ന് നിർമാല്യം , ഉഷപൂജ , ഗുരുപൂജ , ശാന്തി ഹോമം , 9 ന് ഉപവാസ പ്രാർത്ഥന. 3 ന് മേൽശാന്തി കുമരകം രജീഷ് ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ സമാധിപൂജ. ശിവഗിരി തീർത്ഥാടന സ്മാരക പവലിയനിൽ ഉപവാസവും നടക്കും.

എസ്.എൻ.ഡി.പി യോഗം 26ാം മറിയപ്പള്ളി ശാഖയിൽ സമാധി ദിനാചരണത്തിന്റെ ഭാഗമായി ക്ഷേത്ര ചടങ്ങുകൾ നടക്കും. രാവിലെ 5.30 ന് നടതുറക്കൽ. ആറിന് ശാന്തിഹവനം. ഏഴിന് ഗുരുപൂജ , പുഷ്പാഞ്ജലി, മൂന്നിന് വിശേഷാൽ ഗുരുപൂജ. പുഷ്പാഭിഷേകം. 3.30 ന് മംഗളാരതി. വീടുകളിൽ ദീപം തെളിയിച്ച് ഉപവാസ പ്രാർത്ഥന നടത്തും. ക്ഷേത്രത്തിലെ ചടങ്ങുകൾ കൂടാതെ രാവിലെ മുതൽ വൈകിട്ട് 3.30 വരെ ഭക്തർ ഉപവാസം അനുഷ്‌ഠിക്കും. വീടുകളിൽ ശ്രീനാരായണ ഗുരുദേവന്റെ ചിത്രത്തിനു മുന്നിൽ ദീപം തെളിയിക്കണമെന്നും പ്രസിഡൻ്റ് അനിയച്ചൻ അറുപതിൽ, സെക്രട്ടറി വി.പി പ്രസന്നൻ ശ്രീരാഗം എന്നിവർ അറിയിച്ചു. ക്ഷേത്രം തന്ത്രി വിഷ്‌ണു നാരായണൻ തന്ത്രിയുടെയും, മേൽശാന്തി പ്രശാന്ത് ശാന്തികളുടെയും മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.

എസ്.എൻ.ഡി.പി യോഗം കോത്തല - മാടപ്പാട് ശാഖയിൽ ഗുരുദേവ സമാധി ദിനാചരണത്തിന്റെ ഭാഗമായി എസ്.എൻ.പുരം ക്ഷേത്രത്തിൽ ക്ഷേത്ര ചടങ്ങുകൾ നടക്കും. ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ ഗുരുദേവ ഭാഗവത പാരായണവും ഉപവാസവും നടക്കും. വൈകിട്ട് മൂന്നിന് മഹാസമാധി പൂജ.

കൊതവറ 118 ാം ശാഖയിൽ ശ്രീനാരായണ ഗുരുവിന്റെ മഹാസമാധി ദിനത്തോടനുബന്ധിച്ച് സമൂഹസദ്യയും മറ്റ് പരിപാടികളും ഒഴിവാക്കി ശാഖയിലെ 370 വിടുകൾക്ക് അരി വിതരണം ചെയ്‌തു.ശാഖാ പ്രസിഡൻ്റ് വി.വി.ഷാജി വെട്ടത്തിൽ വിതരണ ഉദ്ഘാടനം നടത്തി. ശാഖാ സെക്രട്ടറി ഷീല, യൂണിയൻ കൗൺസിലർ അഭിലാഷ് പി എസ് കരുണാകരൻ, രാജേഷ്, ദിനമണി, പ്രസന്നൻ ഷാൻ കുമാർ ഷാജി എന്നിവർ നേതൃത്വം നൽകി.

ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ആചരണത്തിന്റെ ഭാഗമായി ഗുരുനാരായണ സേവാനികേതനിൽ വിവിധ പരിപാടികൾ നടക്കും. ജപം ധ്യാനം പ്രാർത്ഥന ശാന്തിഹോമം പ്രഭാഷണം എന്നിവയുണ്ടായിരിക്കും. മെഡിക്കൽ കോളേജിലെ രോഗികൾക്കായി പ്രത്യേക അന്നദാനം നടക്കും. വിവാഹപൂർവ കൗൺസിലിംഗ് വിവാഹാനന്തര കൗൺസിലിങ്ങിന്റെയും ഉദ്ഘാടനം സ്വാമി മുക്താനന്ദയാതി നിർവഹിക്കും . മുനിസിപ്പൽ ചെയർപേഴ്‌സൺ പി.ആർ സോനാ മുഖ്യാതിഥിയായിരിക്കും. ആചാര്യ കെ.എൻ ബാലാജി നേതൃത്വം നൽകും. കൊവിഡ് മാനദണ്ഡപ്രകാരം നടത്തുന്ന പരിപാടിയിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

കീഴുക്കുന്ന് ശ്രീനാരായണ ഗുരുമന്ദിരം ഭരണസമിതിയുടെ നേതൃത്വത്തിൽ മഹാസമാധി ദിനാചരണത്തിന്റെ ഭാഗമായി ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്‌തു. അഭയ ഭവനിലേയ്ക്കും മുട്ടമ്പലം ശാന്തി ഭവനിലേയ്ക്കും ഉള്ള കിറ്റുകളാണ് വിതരണം ചെയ്തത്. കിറ്റ് വിതരണം പ്രസിഡന്റ് ബ്‌ളസൺ പാർവതി കൃഷ്ണ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വിനു വിജയൻ , സെക്രട്ടറി പി.ആർ പുരുഷോത്തമൻ , പി.കെ ഷാജി , മനു വിജയൻ എന്നിവർ പങ്കെടുത്തു.