കട്ടപ്പന: ഈട്ടിത്തോപ്പ്ഞാറക്കവല റോഡ് തകർന്നു തരിപ്പണമായതോടെ നടുവൊടിഞ്ഞ് നാട്ടുകാർ. ഈട്ടിത്തോപ്പ് പള്ളിപ്പടിയിൽ നിന്നു തേക്കിൻകാനംഞാറക്കവല വഴി തോപ്രാംകുടിയിലേക്കുള്ള മൂന്നുകിലോമീറ്റർ ദൂരമാണ് വർഷങ്ങളായി തകർന്നുകിടക്കുന്നത്. കുത്തനെയുള്ള കയറ്റവും വളവുകളും നിറഞ്ഞ റോഡിലൂടെയുള്ള യാത്ര ദുഷ്‌കരമാണ്. ടാറിംഗ് തകർന്ന് ഗർത്തങ്ങൾ രൂപപ്പെട്ടതോടെ വാഹനഗതാഗതം ദുഷ്‌കരമായി. മെറ്റലുകൾ ഇളകി കിടക്കുന്നത് ഇരുചക്ര വാഹന യാത്രികർക്കും ഭീഷണിയാകുന്നു. കാറുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾക്ക് കേടുപാടു സംഭവിക്കുന്നതും പതിവാണ്. തോപ്രാംകുടി, മുരിക്കാശേരി മേഖലകളിലേക്കു പോകാൻ നാട്ടുകാർ ആശ്രയിക്കുന്ന പാതയെ അധികൃതർ അവഗണിക്കുകയാണ്.
അതേസമയം 3.3 കിലോമീറ്റർ റോഡ് ടാർ ചെയ്യാനും സംരക്ഷണ ഭിത്തി നിർമിക്കാനുമായി 75 ലക്ഷം രൂപയുടെ പദ്ധതി തയാറാക്കി ഉന്നതാധികാരികൾക്ക് സമർപ്പിച്ചിട്ടുണ്ടെന്ന് പി.ഡബ്ല്യു.ഡി. അധികൃതർ അറിയിച്ചു.