transformer

പാലാ: വൈദ്യുതി കാത്തിരിക്കുകയാണ് ഏഴാച്ചേരിയിലെ ഈ ട്രാൻസ്ഫോമർ ! ഗാന്ധിപുരത്ത് ട്രാൻസ്‌ഫോമർ സ്ഥാപിച്ചിട്ട് മൂന്നു മാസം; ചാർജ് ചെയ്യാൻ ''നല്ല സമയം ' നോക്കി കെ.എസ്.ഇ.ബി. കാലം നീക്കുന്നതായി നാട്ടുകാരും.

രാമപുരം കെ.എസ്. ഇ .ബി സെക്ഷനിലെ ഏഴാച്ചേരി ഗാന്ധി പുരം ജംഗ്ഷനിലാണ് മൂന്നു മാസമായി ട്രാൻസ്‌ഫോമർ നോക്കുകുത്തിയായി നിൽക്കുന്നത്. വെള്ളിലാപ്പിള്ളിയിലും ഏഴാച്ചേരി ജി.വി. യു.പി. സ്‌കൂളിനു സമീപവും നിലവിൽ ട്രാൻസ്‌ഫോമറുകൾ ഉണ്ടെങ്കിലും ഇതു രണ്ടിനും ഇടയിലുള്ള ഗാന്ധി പുരം ഭാഗത്തെ നൂറിൽപ്പരം ഉപഭോക്താക്കൾക്ക് രൂക്ഷമായ വോൾട്ടേജ് ക്ഷാമം ഉണ്ടായിരുന്നു.

ഈ മേഖലയിലെ ഉപഭോക്താക്കൾ വർഷങ്ങൾക്ക് മുമ്പ് തന്നെ വോൾട്ടേജ് ക്ഷാമത്തെപ്പറ്റി രാമപുരം കെ. എസ്. ഇ ബി അധികൃതർക്ക് പരാതി നൽകിയിരുന്നു. ആദ്യമൊന്നും അധികാരികൾ ആവശ്യം ഗൗനിച്ചിരുന്നില്ല. ജനങ്ങൾ സമര മാർഗത്തിലേക്ക് കടക്കുമെന്ന നിലയെത്തിയതോടെ കെ. എസ്. ഇ. ബി അനങ്ങാപ്പാറ നയം വിട്ടു. ഗാന്ധി പുരത്ത് പുതിയ ട്രാൻസ്‌ഫോമർ സ്ഥാപിക്കാൻ ഒരു വർഷം മുമ്പ് തീരുമാനവുമായി.

എന്നാൽ 3 മാസം മുമ്പാണ് ഇവിടെ ട്രാൻസ്‌ഫോമർ സ്ഥാപിച്ചത്. രണ്ടാഴ്ചയ്ക്കുള്ളിൽ ചാർജ് ചെയ്യുമെന്നായിരുന്നൂ വാഗ്ദാനം. എന്നാൽ നാളുകൾ പിന്നിട്ടിട്ടും ചാർജ് ചെയ്യൽ നടന്നില്ല. പരാതിപ്പെട്ട ഉപഭോക്താക്കളോട് ഉടൻ ചാർജു ചെയ്യുമെന്ന മറുപടി തുടരെ നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്ന് ഗാന്ധി പുരം പൗര സമിതി കൺവീനർ ഗോപി നീറാക്കുളം പറയുന്നു. വോൾട്ടേജ് ക്ഷാമം മൂലം ജനം ഇപ്പോഴും ബുദ്ധിമുട്ടുകയാണ്. രണ്ടാഴ്യ്ക്കുള്ളിൽ ട്രാൻസ്‌ഫോമർ ചാർജ് ചെയ്യാത്ത പക്ഷം ജനകീയ സമരത്തിന് ഒരുങ്ങുകയാണ് തങ്ങളെന്ന് ഗോപി പറഞ്ഞു.

ഉടൻ ചാർജ് ചെയ്യും

ഗാന്ധിപുരത്തെ ട്രാൻസ്‌ഫോമർ എത്രയും വേഗം ചാർജ് ചെയ്യുമെന്ന് രാമപുരം കെ. എസ്. ഇ .ബി.അസി. എൻജിനീയർ ദീപാ ജോസഫ് പറഞ്ഞു. ട്രാൻസ്‌ഫോമറിനു ചുവട്ടിൽ വേലി സ്ഥാപിക്കണം. ചുരുക്കം ചില അറ്റകുറ്റപ്പണികളുമുണ്ട്. കനത്ത മഴയാണ് തടസം. ഇതുമാറിയാലുടൻ ചാർജ് ചെയ്യും