flu

ചങ്ങനാശേരി: ചങ്ങനാശേരി മേഖലയിൽ കൊവിഡിനൊപ്പം പിടിമുറുക്കാൻ സാംക്രമണരോഗങ്ങളും. വെള്ളപ്പൊക്കവും പിന്നാലെയുണ്ടായ വെള്ളക്കെട്ടുമാണ് എലിപ്പനി പോലെയുള്ള സാംക്രമണരോഗ ഭീതി വർദ്ധിപ്പിക്കുന്നത്. നിർത്താതെ പെയ്ത മഴയിൽ പ്രദേശത്തെ പാടശേഖരങ്ങളിലും പുരയിടങ്ങളിലും റോഡിലെ കുഴികളിലുമടക്കം വെള്ളക്കെട്ടാണ്. ഈ സാഹചര്യത്തിലാണ് പടിഞ്ഞാറൻ മേഖലയിൽ എലിപ്പനി ഭീതിയും പടരുന്നത്. കൊവിഡ്, വെള്ളപ്പൊക്കം, മഴ എന്നിവയെത്തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ. ലോക്ക് ഡൗണിനെ തുടർന്ന് മഴക്കാലപൂർവ ശുചീകരണവും പലയിടങ്ങളിലും നടന്നിരുന്നില്ല. ഈ സാഹര്യത്തിലാണ് ചെളിവെള്ളവും വെള്ളക്കെട്ടും ആശങ്ക വർദ്ധിപ്പിക്കുന്നത്. പ്രദേശങ്ങളിൽ നിരവധി പേർ എലിപ്പനി സംശയിച്ചു ചികിത്സ തേടുന്നുണ്ട്. കൊവിഡ് വ്യാപനമുള്ളതിനാൽ പനി ബാധിച്ചാലും ആശുപത്രിയിൽ പോകാൻ മടിക്കുന്നവരുമുണ്ട്. രണ്ടുമാസം മുമ്പു വരെ റിപ്പോർട്ടു ചെയ്തിരുന്ന ഡെങ്കിപ്പനി കുറഞ്ഞത് ആരോഗ്യവകുപ്പ് പ്രവർത്തകർക്ക് ആശ്വാസമാകുന്നുണ്ട്. എന്നാൽ വരും ദിവസങ്ങളിൽ മഴ കൂടുന്നത് ഡെങ്കിയും പൂർവാധികം ശക്തിയോടെ തിരിച്ചെത്തിക്കാമെന്ന ആശങ്കയും ആരോഗ്യവകുപ്പ് അധികൃതർ പങ്കുവെയ്ക്കുന്നു.

ലക്ഷണങ്ങൾ

വിറയലോടു കൂടിയ പനി, ശരീര വേദന, കണ്ണിനു ചുവപ്പു നിറം, സന്ധികൾക്കു വേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിക്കുന്നു.

സാംക്രമണരോഗങ്ങളെ തുരത്താൻ

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.

ചിരട്ടയിലും, പ്ലാസ്റ്റിക് പാത്രങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കുക.

മലിനജലവുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവർ കാലുറകളോ ഗ്ലൗസുകളോ ധരിക്കുക.

ചെളിവെള്ളത്തിൽ ഇറങ്ങുമ്പോൾ പ്ലാസ്റ്റിക് കൂടുകൾ എങ്കിലും കാലിൽ കെട്ടുക.

തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.