കോട്ടയം: കേന്ദ്രസർക്കാർ വിറ്റൊഴിയുന്ന കോട്ടയം വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റ് ലിമിറ്റഡിനെ (എച്ച്.എൻ.എൽ) ഏറ്റെടുക്കാനുള്ള ടെൻഡർ നടപടികളിൽ കിൻഫ്ര മുന്നോട്ടുവച്ച പദ്ധതിരേഖയ്ക്ക് നാഷണൽ കമ്പനി ലാ ട്രൈബ്യൂണലിന്റെ (എൻ.സി.എൽ.ടി) അംഗീകാരം.
എന്നാൽ, കിൻഫ്ര രേഖപ്പെടുത്തിയ തുക കുറവായതിനാൽ, ക്രെഡിറ്റേഴ്‌സ് കമ്മിറ്റി നിർദേശിക്കുന്ന തുക ലഭ്യമാക്കണമെന്ന് എൻ.സി.എൽ.ടി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു കിൻഫ്ര തയ്യാറായാൽ ടെൻഡർ ലഭിക്കും. ഇന്നാണ് അന്തിമതീയതി. വായ്‌പാത്തുകയുടെ 33 ശതമാനം തുകയായിരുന്നു കിൻഫ്ര രേഖപ്പെടുത്തിയത്.
അന്തിമ ടെൻഡർ നടപടികളിൽ കിൻഫ്രയ്ക്കൊപ്പം ഇടംപിടിച്ച തിരുനെൽവേലിയിലെ സൺ പേപ്പർ മിൽ രേഖപ്പെടുത്തിയത് 20 ശതമാനം. നിശ്‌ചിത തുക നൽകാൻ കിൻഫ്ര ഒരുക്കമല്ലെങ്കിൽ, സൺ പേപ്പറിന് യോഗ്യത ലഭിക്കും. അവരും നിർദേശിച്ച തുക നൽകണം.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ പേപ്പർ കോർപ്പറേഷന്റെ ഉപസ്ഥാപനമാണ് എച്ച്.എൻ.എൽ. 430 കോടിയോളം രൂപയുടെ കടബാദ്ധ്യത കമ്പനിക്കുണ്ട്. നഷ്‌ടം കൂടിയ പശ്ചാത്തലത്തിലാണ് വിറ്റൊഴിയാൻ കേന്ദ്രം തീരുമാനിച്ചത്.