കോട്ടയം: കാറ്റിൽ മരം വീണ് ഒടിഞ്ഞ വൈദ്യുതി പോസ്റ്റ് ഓട്ടോറിക്ഷയ്‌ക്കു മുകളിൽ പതിച്ച് രണ്ടു പേർക്ക് പരിക്ക്. ഓട്ടോഡ്രൈവർ തിരുവാതുക്കൽ മഴുവഞ്ചേരിൽ റോയി കെ.തോമസ്, യാത്രക്കാരൻ ചന്ദ്രൻ എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ 11 മണിയോടെ വേളൂർ തിരുവാതുക്കൽ മാണിക്കുന്നത്തായിരുന്നു സംഭവം. തിരുവാതുക്കൽ ഭാഗത്തേയ്ക്കു പോവുകയായിരുന്നു ഓട്ടോറിക്ഷ. ഈ സമയം കനത്ത കാറ്റിൽ പ്രദേശത്തെ മരം ഒടിഞ്ഞു വീണു. ഈ മരം വന്നു വീണത് വൈദ്യുതി ലൈനിലായിരുന്നു. ലൈനും പോസ്റ്റും കൂടി മറിഞ്ഞ് അതുവഴി കടന്നു പോയ ഓട്ടോറിക്ഷയുടെ മുകളിൽ വീണു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ഓട്ടോറിക്ഷയിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. തുടർന്ന് ജില്ലാ ജനറൽ ആശുപത്രിയിലാക്കി.
അപകടത്തെത്തുടർന്ന് അരമണിക്കൂറോളം റോഡ് ഗതാഗതം തടസപ്പെട്ടു. അഗ്നിരക്ഷാ സേനയും കെ. എസ്. ഇ. ബിയും ചേർന്നാണ് മരം വെട്ടിമാറ്റിയതും ലൈൻ ശരിയാക്കിയതും.