light-and-sound

വൈക്കം : കൊവിഡ് വ്യാപനത്തെ തുടർന്ന് ആറു മാസമായി പണി ഇല്ലാതെ ലൈ​റ്റ് ആൻഡ് സൗണ്ട് ഉടമകളും തൊഴിലാളികളും പട്ടിണിയിൽ. മാസങ്ങളോളം ഉപയോഗിക്കാതിരുന്ന ഇവരുടെ ഇലക്ട്രിക്, ഇലട്രോണിക് ഉപകരണങ്ങൾ പലതും തുരുമ്പെടുത്തു നശിച്ചു. ആംപ്ലിഫയർ, എൽ.ഇ.ഡി ബാർ, സൗണ്ട് മിക്‌സ്ചർ, സൗണ്ട് ബോക്‌സ്, ജനറേ​റ്ററുകൾ, വാഹനങ്ങൾ എന്നിവയൊക്കെയാണ് തകരാറിലായത്. ഇനി സർക്കാർ ഇളവുകൾ നൽകി പണി ആരംഭിച്ചാലും തകരാറിലായവ നന്നാക്കാനും നശിച്ചവയ്ക്കു പകരം പുതിയവ വാങ്ങാനും വൻ മുതൽമുടക്കു വേണ്ടി വരും.

ആറുമാസമായി ക്ഷേത്ര ഉൽസവങ്ങൾ, ഉദയം പൂജ, സർപ്പംതുള്ളൽ,പള്ളി പെരുനാളുകൾ, പൊതു പരിപാടികൾ, വിവാഹം തുടങ്ങിയവ ഇല്ലാതെ വന്നതോടെയാണ് ശബ്ദവും വെളിച്ചവും നൽകുന്നവരുടെ ജീവിതത്തിനുമേൽ കരിനിഴൽ വീണത്. പ്രതിമാസം 10000 മുതൽ 25000 രൂപ വരെ വായ്പാ തവണ അടക്കേണ്ടവരാണ് ഭൂരിഭാഗവും. മൂന്നു വർഷ കാലാവധിയുള്ള വായ്പകൾ പലിശ ഇളവോടെ അഞ്ചു വർഷമായി പുനക്രമീകരിക്കണമെന്നും ജോലി പുനരാംഭിക്കാൻ ധനസഹായം നൽകണമെന്നും ആവശ്യപ്പെട്ട് നിവേദനം നൽകിയയെങ്കിലും സർക്കാർ തിരിഞ്ഞു നോക്കിയില്ല.

വൈക്കത്ത് 90 ഓളം ലൈ​റ്റ് ആൻഡ് സൗണ്ട് ഉടമകൾ.

ഇവരെ ആശ്രയിച്ച് 500 തൊഴിലാളികൾ.

പ്രതിസന്ധി

സംരംഭത്തിന് പത്ത് ലക്ഷം മുതൽ 50 ലക്ഷം വരെ രൂപ മുതൽ മുടക്ക്

ആറുമാസമായി കാര്യമായ വരുമാനം ലഭിക്കുന്ന പരിപാടികൾ ഒന്നുമില്ല

സ്വർണം പണയവും ബാങ്കു വായ്പയും തിരിച്ചടയ്ക്കാൻ കഴിയാത്ത സ്ഥിതി

 നിത്യ ജീവിതം തന്നെ മുന്നോട്ടു കൊണ്ടു പോകാൻ ബുദ്ധിമുട്ടുന്നു

കടുത്ത പ്രതിസന്ധി നേരിടുന്ന ലൈ​റ്റ് ആന്റ് സൗണ്ട് ഉടമകൾക്കും തൊഴിലാളികൾക്കും സഹായം ലഭ്യമാക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണം.

ശിവാനന്ദ പണിക്കർ (പ്രസിഡന്റ്) , ഷാജി മണലൊടി (സെക്രട്ടറി),

കേരള ലൈ​റ്റ് ആന്റ് സൗണ്ട് വെൽഫെയർ അസോസിയേഷൻ വൈക്കം മേഖല