oommen-chandy

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പിൻഗാമിയാകാൻ മകൻ ചാണ്ടി ഉമ്മൻ കളത്തിലിറങ്ങുന്നു! അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ ഇല്ലയോഎന്ന് ഉമ്മൻചാണ്ടി മനസു തുറന്നിട്ടില്ല. ഹൈക്കമാൻഡ് പറഞ്ഞാൽ ആലോചിക്കുമെന്നേ ഇതുവരെ വ്യക്തമാക്കിയിട്ടുള്ളു. കെ.എം.മാണി പാലായിൽ നിന്ന് അരനൂറ്റാണ്ടിലേറെ മത്സരിച്ച് ആദ്യ റെക്കാഡിട്ടുവെങ്കിലും ബാർ കോഴ ആരോപണത്തിൽ കുടുങ്ങിയതിനാൽ കാര്യമായ ആഘോഷപരിപാടി നടത്താൻ കഴിഞ്ഞില്ല. പുതുപ്പള്ളി മണ്ഡലത്തിൽ നിന്ന് തുടർച്ചയായി അരനൂറ്റാണ്ട് മത്സരിച്ചു ജയിച്ചതിന്റെ ആഘോഷം നടത്തുക ഉമ്മൻചാണ്ടിയുടെ അനുയായികളുടെ വലിയ ആഗ്രഹമായിരുന്നു. കൊവിഡ് കാലമായിട്ടും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഘോഷപരിപാടികൾ വിപുലമായി ഇതിനകം നടത്തിക്കഴിഞ്ഞു. ഒരു ടേം കൂടി എം.എൽ.എ ആയാൽ ഒരേ മണ്ഡലത്തിൽ നിന്ന് ഏറ്റവും കൂടുതൽ കാലം മത്സരിച്ച റെക്കാഡ് കെ.എം.മാണിയെ മറികടന്നു ഉമ്മൻചാണ്ടിയുടെ പേരിലാകും. എങ്കിലും ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നതിനാൽ അവസാന നിമിഷം പുതുപ്പള്ളിയിൽ മകനെ സ്ഥാനാർത്ഥിയാക്കി ഉമ്മൻചാണ്ടി മാറി നിൽക്കുമെന്ന പ്രചാരണം ശക്തമാണ്.

കോട്ടയം മാമ്മൻമാപ്പിള ഹാളിൽ നടന്ന സുവർണ ജൂബിലി ആഘോഷ പരിപാടികളിലും പുതുപ്പള്ളി മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിൽ ഉമ്മൻചാണ്ടിയുടെ സ്വീകരണ പരിപാടികളിലും ആദ്യാവസാനം നിറഞ്ഞു നിന്നത് ചാണ്ടി ഉമ്മനായിരുന്നു. പരിപാടികൾ മാനേജ്മെന്റ് വൈദഗ്ദ്ധ്യത്തോടെ നിയന്ത്രിച്ചത് മകനായിരുന്നു, അര നൂറ്റാണ്ട് മുമ്പ് ആദ്യ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളി കവലയിൽ ഉമ്മൻചാണ്ടി പ്രചാരണം തുടങ്ങിയ സ്ഥലത്ത് മകനെ കൈപിടിച്ചു കയറ്റിയതിന് സാക്ഷിയായ നാട്ടുകാർ പുതുപ്പള്ളിയുടെ പിൻഗാമിയുടെ ആരോഹണമായിട്ടാണ് അത് കണ്ടത്.

യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചാൽ മുഖ്യമന്ത്രി ആവുക സ്വാഭാവികമായും പ്രതിപക്ഷ നേതാവെന്ന നിലയിൽ രമേശ് ചെന്നിത്തല ആയിരിക്കും. അതേ സമയം, കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ എ വിഭാഗം എം.എൽ.എമാർക്ക് ഭൂരിപക്ഷം വന്നാൽ ഉമ്മൻ ചാണ്ടിക്ക് വീണ്ടും സാദ്ധ്യതയുണ്ടെന്ന് കരുതുന്നവരുമുണ്ട്. എന്നാൽ, രമേശിനു വേണ്ടി മാറി നിൽക്കുമെന്ന സൂചനയാണ് ഉമ്മൻചാണ്ടി ഇപ്പോൾ നൽകുന്നത്. നേരിയ ഭൂരിപക്ഷമേ യു.ഡി.എഫിന് ഉണ്ടാകുന്നുള്ളുവെങ്കിൽ അഞ്ചു വർഷം ഭരണം നില നിറുത്താൻ ഉമ്മൻചാണ്ടി വേണമെന്ന ആവശ്യം ഘടകകക്ഷികൾ ഉയർത്തിയേക്കാം.

യു.ഡി.എഫ് ഭരണത്തിൽ മുഖ്യമന്ത്രിയാകാൻ അവസരം ഉറപ്പാകുന്നില്ലെങ്കിൽ ഉമ്മൻചാണ്ടി മത്സരിക്കില്ലെന്നാണ് അടുപ്പമുള്ളവർ പറയുന്നത്. വെറും എം.എൽഎയായിരിക്കാൻ ഉമ്മൻചാണ്ടിക്ക് താത്പര്യമില്ലാത്തതാണ് ചാണ്ടി ഉമ്മന്റെ സാദ്ധ്യത കൂടുതൽ തെളിയുന്നതും കുഞ്ഞൂഞ്ഞിന്റെ പിൻഗാമിയായി നാട്ടുകാർ പ്രചരിപ്പിക്കുന്നതും.