രാജകുമാരി: പൂപ്പാറയ്ക്ക് സമീപം നിയന്ത്രണം നഷ്ടമായ ലോറി ജീപ്പിൽ ഇടിച്ച് തോട്ടം തൊഴിലാളിയായ സ്ത്രീ മരിച്ചു. സൂര്യനെല്ലി കറുപ്പൻ കോളനി പരേതനായ ചന്ദ്രശേഖറിന്റെ ഭാര്യ മുനിയമ്മ ( 50) യാണ് മരിച്ചത്.രാജകുമാരിയിലെ ഏലം തോട്ടത്തിലേയ്ക്ക് ഇന്നലെ രാവിലെ 8ന് ഇവർ പോയ ജീപ്പിൽ എതിരെ നിയന്ത്രണം വിട്ട് വന്ന ലോറി ഇടിക്കുകയായിരുന്നു. മുനിയമ്മയും കുടുംബാംഗങ്ങളും ഉൾപ്പെടെ 10 പേരായിരുന്നു ജീപ്പിൽ ഉണ്ടായിരുന്നത്.ഇവരുടെ മകൻ ചിലംബംശനാണ് ജീപ്പ് ഓടിച്ചത്. മരിച്ച മുനിയമ്മയുടെ മറ്റ് മക്കളായ ചിമ്പു, ചിത്ര ദേവി എന്നിവർക്കും ചിത്ര ദേവിയുടെ ഭർത്താവ് രമേശും ജീപ്പിലുണ്ടായിരുന്നു. പരിക്കേറ്റ ചിത്ര ദേവി, രമേശ് എന്നിവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം അറിഞ്ഞ് എത്തിയ നാട്ടുകാർ ജീപ്പിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ ആദ്യം രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു എങ്കിലും മുനിയമ്മ മരിച്ചു. പോസ്റ്റ് മോർട്ടം നടപടികൾക്കും മറ്റുമായി അടിമാലി താലൂക്ക് ആശുപത്രിയിലയ്ക്ക് മാറ്റി.