കോട്ടയം: ജനറൽ ആശുപത്രിയിൽ ആർദ്രം പദ്ധതിയിൽ പെടുത്തി 2.5 കോടി രൂപ ചെലവഴിച്ച് ആധുനിക സജ്ജീകരണങ്ങളോടെ നവീകരിച്ച ഔട്ട് പേഷ്യൻ്റ് - അത്യാഹിത വിഭാഗങ്ങളുടെയും ജില്ലാ പഞ്ചായത്ത് 2.3 കോടി ചെലവിട്ട് സ്ഥാപിച്ച ഡിജിറ്റൽ മാമോഗ്രാഫി യൂണിന്റെയും ഉദ്ഘാടനം നാളെ നടക്കും. രാവിലെ 11ന് മന്ത്രി കെ.കെ. ശൈലജ വീഡിയോ കോൺഫറൻസ് വഴി ഔട്ട് പേഷ്യൻ്റ്-അത്യാഹിത വിഭാഗങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. ഇതോടനുബന്ധിച്ച് ആശുപത്രിയിൽ നടക്കുന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഡിജിറ്റൽ മാമോഗ്രാഫി യൂണിറ്റ് ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സർക്കാർ ജനറൽ ആശുപത്രിയിൽ ഡിജിറ്റൽ മാമോഗ്രാഫി യൂണിറ്റ് സ്ഥാപിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അദ്ധ്യക്ഷത വഹിക്കും. ജോസ് കെ.മാണി എം.പി ഭദ്രദീപം തെളിക്കുകയും തോമസ് ചാഴികാടൻ എം.പി മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്യും.