കോട്ടയം: കാർഷിക ബില്ലിലൂടെ കർഷകർക്ക് നേട്ടമുണ്ടാകുന്നതു തടയാൻ എൽ.ഡി.എഫും യു.ഡി.എഫും ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഇടനിലക്കാർക്ക് ഒരു വർഷം 4000 കോടി രൂപയുടെ വരുമാനമാണ് തടസ്സപെടുന്നത്.അത് മുഴുവനും കർഷകർക്ക് കിട്ടുന്നു എന്നതാണ് കോൺഗ്രസ്- കമ്മ്യൂണിസ്റ്റ് പാർട്ടികളെ അസ്വസ്ഥപ്പെടുത്തുന്നത്. എഴുപതുകളിൽ എട്ടരലക്ഷം ഹെക്ടർ ഭൂമി കൃഷി ചെയ്തിരുന്ന കേരളത്തിൽ രണ്ടു കൂട്ടരും ഭരിച്ച് രണ്ടു ലക്ഷം ഹെക്ടർ ആയി കുറച്ചവരാണ് ഇന്ന് കർഷകർക്ക് വേണ്ടി മുതലക്കണ്ണീർ ഒഴുക്കുന്നത്. താങ്ങുവില നിർത്തലാക്കും എന്നത് കളവാണ്. കർഷക ഉല്പാദന സംഘങ്ങൾക്ക് കേന്ദ്രം ഒരു ലക്ഷം കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കർഷകർക്ക് വില പേശി ഏറ്റവും കൂടുതൽ വില കിട്ടുന്നതിന് അവസരം നൽകുന്ന നിയമമാണ് നടപ്പാക്കിയിരിക്കുന്നത്. ഈ ട്രേഡിംഗ് മുഖേന ഇന്ത്യയിൽ എവിടെ വേണമെങ്കിലും കർഷകന് ഉല്പന്നം വിൽക്കാൻ സാധിക്കുന്നുവെന്നതാണ് ബില്ലിന്റെ ഗുണഫലമെന്നും അദ്ദേഹം പറഞ്ഞു . ജില്ലാ പ്രസിഡന്റ് അഡ്വ.നോബിൾ മാത്യു, ജില്ലാ ജനറൽ സെക്രട്ടറി ലിജിൻ ലാൽ എന്നിവരും പങ്കെടുത്തു.