കട്ടപ്പന: ഭൂരഹിതഭവനരഹിതർക്ക് ലൈഫ് മിഷൻ വഴി നടപ്പാക്കുന്ന ഭവന സമുച്ചയ പദ്ധതി 24ന് കട്ടപ്പന നഗരസഭയിൽ ആരംഭിക്കും. രാവിലെ 11ന് വീഡിയോ കോൺഫറൻസ് വഴി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കുമെന്ന് നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി അറിയിച്ചു. തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ അദ്ധ്യക്ഷത വഹിക്കും. നഗരസഭ ഹാളിൽ ചേരുന്ന യോഗത്തിൽ നഗരസഭ പദ്ധതിയുടെ ശിലാസ്ഥാപനം മന്ത്രി എം.എം. മണി നിർവഹിക്കും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. റോഷി അഗസ്റ്റിൻ എം.എൽ.എ, കളക്ടർ എച്ച്. ദിനേശൻ തുടങ്ങിയവർ പങ്കെടുക്കും.
വെള്ളയാംകുടിയിൽ നഗരസഭ വിട്ടുനൽകിയ 50 സെന്റ് സ്ഥലത്താണ് 7.023 കോടി രൂപ ചെലവിൽ 44 കുടുംബങ്ങൾ താമസിക്കാൻ കഴിയുന്ന ഭവന സമുച്ചയം നിർമിക്കുന്നത്. അർഹരായ മുഴുവൻ ഗുണഭോക്താക്കൾക്കും വെള്ളയാംകുടിയിൽ ഫ്‌ളാറ്റുകൾ നൽകാൻ കഴിയാത്തതിനാൽ നഗരസഭയുടെ പുളിയൻമലയിലുള്ള ഒരേക്കർ സ്ഥലം കൂടി ഭവന സമുച്ചയം നിർമാണത്തിനു വിട്ടുകൊടുക്കാൻ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്. സ്ഥലം സ്വന്തമായുളള 1019 കുടുംബങ്ങൾക്ക് നഗരസഭയിൽ നിന്നു വീട് നൽകിയിട്ടുണ്ട്. 830 വീടുകൾ പൂർത്തിയായി കുടുംബാംഗങ്ങൾ താമസം തുടങ്ങി.