കട്ടപ്പന: എസ്.എൻ.ഡി.പി. യോഗം മലനാട് യൂണിയനിൽ ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനം വിവിധചടങ്ങുകളോടെ ആചരിച്ചു. മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവന്റെ നേതൃത്വത്തിൽ കട്ടപ്പനയിലെ ഗുരുദേവ കീർത്തി സ്തംഭത്തിൽ സമാധിദിന ചടങ്ങുകൾ നടന്നു. സുരേഷ് ശാന്തികളുടെ മുഖ്യകാർമികത്വത്തിൽ വിശേഷാൽ പൂജകൾ, ഗുരുദേവ കൃതികളുടെ പാരായണം, പ്രത്യേക പ്രാർഥനകൾ, ദൈവദശകം ആലാപനം, ദീപാരാധന എന്നിവ നടത്തി. അനന്തു ശാന്തി സഹകാർമികത്വം വഹിച്ചു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ, വൈസ് പ്രസിഡന്റ് വിധു എ.സോമൻ തുടങ്ങിയവർ പങ്കെടുത്തു.
യൂണിയനു കീഴിലെ മുഴുവൻ ഭവനങ്ങളിലും രാവിലെ കുടുംബാംഗങ്ങൾ തിരി തെളിച്ച് പ്രാർഥനകളും ദൈവദശകം പാരായണവും നടത്തി. കൂടാതെ യൂണിയനിലെ 38 ശാഖായോഗങ്ങളിലെ ഗുരുദേവ ക്ഷേത്രങ്ങളിലും ഗുരുദേവ കൃതികളുടെ പാരായണവും പ്രത്യേക പ്രാർഥനകളും നടന്നു.