അടിമാലി: സ്ത്രീകളും കുട്ടികളുമടക്കം ഒൻപതംഗ സംഘം ചെങ്ങാടത്തിൽ പുഴ മുറിച്ച് കടക്കുന്നതിനിടെ അപകടത്തിൽപ്പെട്ടു, പുഴയിൽ വീണവരടക്കമുള്ളവരെ രക്ഷപ്പെടുത്തി. കുറത്തിക്കുടി ആദിവാസി സങ്കേതത്തിന് സമീപം കുന്ത്രപ്പുഴയിലെ ഉരുളിവാഴനിലാണ് ചെങ്ങാടം അപകടത്തിൽ പെട്ടത്.മാങ്കുളം കുറത്തിക്കുടിയിൽ ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. വനവിഭവങ്ങൾ ശേഖരിക്കാൻ പോയി മടങ്ങിവന്ന മൂന്ന് കുടുംബങ്ങളിലെ ആറ് മുതിർന്നവരും മൂന്ന് കുട്ടികളും ഉൾപ്പെടെഒൻപതംഗ അംഗ ആദിവാസി ജനവിഭാഗത്തിൽനിന്നുള്ളവരാണ് ചെങ്ങാടത്തിൽ ഉണ്ടായിരുന്നത്.പുഴയ്ക്ക് കുറുകെ കെട്ടിയിരുന്ന കയർപ്പൊട്ടി ചങ്ങാടം ഒഴുക്കിൽപ്പെട്ടു.കുത്തൊഴുക്കിൽ മുളകൊണ്ടുള്ള ചെങ്ങാടത്തിൽനിന്നും ശശി(52), ഭാര്യ കുമാരി (48)എന്നിവർപുഴയിൽ വീണു. ശേഷിക്കുന്നവർ അപകടത്തിൽ പ്പെട്ട ചെങ്ങാടത്തിൽ മൂന്ന് കലോമീറ്റർ ദൂരം ഒഴുകി പോയി.ശിവാനന്ദൻ (35) ഭാര്യ ശിവാനി (30), മകൾ അനുമോൾ (8), അനന്ദു (8) ശിവൻ (35), ഭാര്യ ഓമന (30) മകൻ ശിവഗംഗ (3) എന്നിവരാണ് ചെങ്ങാടത്തിൽ ശേഷിച്ചത്.
ഇതേ സമയം നീന്തൽ വശമുള്ള ശശി കഠിന ശ്രമത്തിനൊടുവിൽ ഭാര്യയെ കരയ്ക്കെത്തിച്ചു. ചെങ്ങാടം ഒഴുകിപ്പോകുന്നതും അതിൽ കുട്ടികൾഉൾപ്പടെയുള്ളവരുടെ നിലവിളിയും കേട്ട പരിസരവാസിയായ യുവാവ് സാഹസികമായി പുഴയിൽ ചാടി ചെങ്ങാടം കരയ്ക്ക് അടിപ്പിക്കുകയായിരുന്നു കുതിച്ചൊഴുകുന്ന പുഴയ്ക്കു നടുവിൽ നിന്നും തിരികെ ജീവിതത്തിലേക്കെത്തിയതിന്റെ ആശ്വാസത്തിലാണ് രക്ഷപ്പെട്ടെത്തിയ എല്ലാവരും.
അതേ സമയം ഒൻപതംഗ സംഘം ഒഴുക്കിൽപ്പെട്ടുവെന്ന വിവരം അറിഞ്ഞതോടെ പുറംലോകത്ത് പരിഭ്രാന്തി പടർന്നു.മാങ്കുളത്തുനിന്നുൾപ്പെടെ ആളുകളും അടിമാലിയിൽ നിന്ന് ഫയർഫോഴ്‌സ് യൂണിറ്റും പൊലീസ് സേനാംഗങ്ങളും കുറത്തിയലേക്ക് തിരിച്ചിരുന്നു.ഇതിനിടെ ആദിവാസി കുടുംബങ്ങൾ സുരക്ഷിതരായി തിരികെയെത്തിയ വിവരംപുറംലോകമറിഞ്ഞതോടെയാണ് ആശങ്ക അകന്നത്.