കട്ടപ്പന: ഇരുവൃക്കകളും തകരാറിലായ വാഴവര കാപ്പിലാംമൂട്ടിൽ ഷിബി(44) ക്ക് സന്മനസുകളുടെ സഹായം കൂടിയേ തീരൂ. ഒന്നരവർഷം മുമ്പ് ശ്വാസംമുട്ടലും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് വൃക്കകൾ തകരാറിലാണെന്നു തെളിഞ്ഞത്. ചികിത്സയ്ക്കായി ആറുലക്ഷത്തോളം രൂപ ഇതിനോടകം ചെലവായി. ആകെയുള്ള 70 സെന്റ് സ്ഥലം ബാങ്കിൽ പണയപ്പെടുത്തിയും കടം വാങ്ങിയുമാണ് ചികിത്സ നടത്തിവരുന്നത്. ആഴ്ചയിൽ മൂന്നുതവണ ഡയാലിസിസ് നടത്തണം. പതിനായിരത്തിലധികം രൂപ മരുന്നുകൾക്കും വേണ്ടിവരുന്നു. അടിയന്തരമായി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. എന്നാൽ ഒ നെഗറ്റിവ് രക്തഗ്രൂപ്പിൽ പെട്ട വൃക്കദാതാവിനെ കണ്ടെത്താനായിട്ടില്ല. ഭർത്താവ് ഷാജിയും മകൻ ഷാബിനും ഹോട്ടലിലെ ജീവനക്കാരായിരുന്നു. എന്നാൽ ഷിബിക്ക് രോഗം മൂർഛിച്ചതോടെ ഷാജി ജോലി നിർത്തി വീട്ടിൽ തന്നെയാണ്. മകൾ ഷൈബിയുടെ വിവാഹവും നിശ്ചയിച്ചിരിക്കുകയാണ്. എന്നാൽ പ്രതിസന്ധികൾ എങ്ങിനെ അതിജീവിക്കുമെന്ന ആശങ്കയിലാണ് നിർദ്ധന കുടുംബം. ഷാജിയുടെ പേരിൽ എസ്.ബി.ഐ. കട്ടപ്പന ഇടുക്കിക്കവല ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 67135757834. ഐ.എഫ്.എസ്. കോഡ്: എസ്.ബി.ഐ.എൻ. 0070698. ഫോൺ: 9961147784.